വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; എത്തിയത് 15 അംഗ സംഘം
മേപ്പാടി: നിലമ്പൂര്‍-വയനാട് അതിര്‍ത്തി പ്രദേശമായ പരപ്പന്‍പാറ കോളനിയില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയും സംഘവും സന്ദര്‍ശനം നടത്തി. വെള്ളിയാഴ്ച വൈകിട്ടാണ് വിക്രം ഗൗഡയും സംഘവും എത്തിയത്. 15 അംഗ സംഘമാണ് കോളനിയില്‍ എത്തിയതെന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കേരള പൊലിസും സ്ഥിരീകരിച്ചു. ആദ്യം വിക്രം ഗൗഡ ഒറ്റക്കെത്തി ഞങ്ങള്‍ നിങ്ങളെ പരിചയപ്പെടാന്‍ വന്നവരാണെന്ന് കോളനിക്കാരോട് പറഞ്ഞു. കൂടെയുള്ളവരുമായി വരാമെന്ന് ഗൗഡ പറഞ്ഞതോടെ കോളനിയിലെ വെളുക്കയും കുടുംബവും വീടുവിട്ട് കാട്ടില്‍ മറഞ്ഞുനിന്നു.
തോക്കുധാരികളായ സംഘം ഏറെ നേരം കുടിലിന് മുന്‍പില്‍ ഇരുന്ന ശേഷം മടങ്ങിപോയെന്ന് കോളനിക്കാര്‍ പറഞ്ഞു. ഇവര്‍ അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ട് പ്രദേശത്ത് തിരച്ചില്‍ നടത്തി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഉള്‍വനത്തില്‍ തെരച്ചില്‍ നടത്താനായില്ല. വടുവന്‍ചാലില്‍ നിന്നു 10 കിലോമീറ്റര്‍ മാറി ഉള്‍വനത്തിലാണ് പരപ്പന്‍പാറ. നിലമ്പൂര്‍ വെടിവയ്പ്പിന് ശേഷവും വയനാട് ട്രൈജങ്ഷന്‍ കേന്ദ്രീകരിച്ച് പുതിയ ദളം രൂപീകരിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതിനിടയില്‍ ഇത് രണ്ടാം തവണയാണ് വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുന്നത്.
ജില്ലയില്‍ അക്രമണത്തിന് മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായി കേന്ദ്ര ഇന്റലിജന്‍സ് സംസ്ഥാന ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനിടയിലാണ് തുടര്‍ച്ചയായി ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുന്നത്.
സോമനും സംഘവും കീഴടങ്ങിയേക്കും
കാളികാവ്: മാവോയിസ്റ്റ് നേതാവും മലയാളിയുമായ സോമനും സംഘവും കോടതിയില്‍ കീഴടങ്ങാന്‍ പുറപ്പെട്ടതായി സൂചന.
കേരളത്തിലെ മാവോയിസ്റ്റ് സംഘടനാ ചുമതലയുള്ള വയനാട് തിരുനെല്ലി സ്വദേശി സോമന്‍ ഉള്‍പ്പെടെ 15 പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങാന്‍ പുറപ്പെട്ടതായാണ് സൂചന ലഭിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ കന്യാകുമാരിയും സംഘവും കീഴടങ്ങിയ ഉടന്‍ സോമനും സംഘവും കീഴടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സൗകര്യപ്രദമായ കോടതിയിലാവും സംഘം കീഴടങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."