പി.ജെ ജോസഫിനെ പരിഹസിച്ച് കേരള കോണ്‍ഗ്രസ് (എം) മുഖപത്രം
കോട്ടയം: പാര്‍ട്ടി നേതൃസ്ഥാനത്തില്‍ പി.ജെ ജോസഫ് പിടിമുറുക്കിയതോടെ അദ്ദേഹത്തെ കുറ്റപ്പെടുത്തിയും പരിഹസിച്ചും മുഖപത്രമായ പ്രതിഛായയിലൂടെ ആക്രമണം അഴിച്ചുവിട്ട് ജോസ് വിഭാഗം. രാഷ്ട്രീയഎതിരാളികള്‍ക്കെതിരേ സ്ഥിരം ആയുധമാക്കുന്ന കേരള കോണ്‍ഗ്രസ് (എം) മുഖപത്രത്തില്‍ പി.ജെ ജോസഫിനെതിരേ ശക്തമായ ഭാഷയിലാണ് ആക്ഷേപം ചൊരിയുന്നത്.
അതേസമയം സംഭവം വിവാദമായതോടെ നേതൃത്വമറിയാതെയാണ് ലേഖനം വന്നതെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നുമാണ് ജോസ്.കെ മാണി പ്രതികരിച്ചത്.
പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് പ്രചാരണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ലേഖനമെന്നതും ശ്രദ്ധേയമാണ്. പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി ചിഹ്നം നിഷേധിക്കാനിടയാക്കുന്ന തരത്തില്‍ പി.ജെ ജോസഫ് നടത്തിയ തന്ത്രപരമായ നീക്കങ്ങളെയാണ് ലേഖനം പരിഹസിക്കുന്നത്.
പ്രതിച്ഛായയുടെ സെപ്റ്റംബര്‍ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് ജോസഫിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. ജോസ് ടോമിന് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യവും അദ്ദേഹത്തിന് രണ്ടില ചിഹ്നം നല്‍കാതിരുന്നതിലേക്കെത്തിയ സംഭവ വികാസങ്ങളെയും വിശദമാക്കുന്ന എഡിറ്റോറിയല്‍ ലേഖനത്തിലാണ് ജോസഫിനെതിരേ വിമര്‍ശനം. ചില നേതാക്കള്‍ അപസ്വരം മുഴക്കി നോക്കുകുത്തിയെപോലെ നിന്ന് വഴിമുടക്കികളാകുന്നുവെന്നും ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കേരള കോണ്‍ഗ്രസിനും യു. ഡി.എഫിനും കഴിഞ്ഞുവെന്നും ലേഖനം പറയുന്നു.
അണപ്പല്ലുകൊണ്ടിറുമ്മുകയും മുന്‍ പല്ലുകൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാര്‍ഥിക്കു തെരഞ്ഞെടുപ്പില്‍ യാതൊരു പ്രസക്തിയുമില്ല. എന്നിട്ടും ചില നേതാക്കള്‍ അപസ്വരം കേള്‍പ്പിക്കുവാന്‍ മടിക്കുന്നില്ല. ശകുനം മുടക്കാന്‍ നോക്കുകുത്തിയെപ്പോലെ വഴിവിലങ്ങി നിന്ന് വിഡ്ഢിയാകാനാണ് അവരുടെ നിയോഗമെന്നും ലേഖനം പറയുന്നു.
പേരെടുത്ത് പറയുന്നില്ലെങ്കിലും ലേഖനത്തിലെ വിമര്‍ശനം ലക്ഷ്യമിടുന്നത് പി.ജെ ജോസഫിനെയാണെന്ന് വ്യക്തമാണ്.
പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജോസ് കെ മാണി എടുത്ത തീരുമാനത്തെ ലേഖനം ന്യായീകരിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് ജോസ് കെ. മാണി എത്തിയപ്പോള്‍ കുടുംബ വാഴ്ചയാണെന്ന് പറഞ്ഞവരെ രാഷ്ട്രീയ മികവ് കൊണ്ട് നാവടപ്പിക്കുന്ന ജോസ് കെ. മാണിക്ക് കഴിഞ്ഞുവെന്നും ലേഖനം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."