കടലാസ് വിലവര്‍ധനവ്: അച്ചടി സ്ഥാപനങ്ങളും വില വര്‍ധിപ്പിക്കുന്നു
കല്‍പ്പറ്റ: കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കടലാസിന്റെ വിലയില്‍ 25 ശതമാനത്തോളം വര്‍ധനവ് വന്നത് കേരളത്തിലെ അച്ചടി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു.
കിലോയ്ക്ക് 60 രൂപ ഉണ്ടായിരുന്ന കടലാസിന്റെ വില ഇപ്പോള്‍ 75 രൂപ വരെയായി. ദീര്‍ഘനാളത്തേക്ക് അച്ചടി ജോലികള്‍ കരാര്‍ എടുത്തിരിക്കുന്ന സ്ഥാപനങ്ങള്‍ ഇതോടെ വലിയ നഷ്ടം സഹിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഇതിനുപുറമെ, വിവിധ ഇനം കടലാസുകളുടെ ദൗര്‍ലഭ്യവും അച്ചടി വ്യവസായത്തെ പ്രതികൂലമായി ബാധിക്കുകയാണ്.
ഇതുമൂലം കേരളത്തിലെ മൂവായിരത്തോളം വരുന്ന പ്രിന്റിങ് പ്രസ്സുകള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിമാണ് നിലവില്‍.
കഴിഞ്ഞ രണ്ട് വര്‍ഷമായി അച്ചടി നിരക്കില്‍ വര്‍ധനവ് വരുത്താതെയായിരുന്നു പ്രസുകള്‍ പ്രവര്‍ത്തിച്ചത്.
എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവ് അച്ചടി ഉല്‍പ്പന്നങ്ങളുടെ വില 25 ശതമാനം വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രളയം മൂലം വിപണി സ്തംഭനാവസ്ഥയിലായതിനെ തുടര്‍ന്ന് ജോലികള്‍ കുറഞ്ഞ് അച്ചടി സ്ഥാപനങ്ങള്‍ ബുദ്ധിമുട്ടിലായ സമയത്താണ് കടലാസിന്റെ വിലവര്‍ധനവും ദൗര്‍ലഭ്യവും എന്നത് സ്ഥിതി രൂക്ഷമാക്കുകയാണ്.
വലുതും ചെറുതുമായ ഇരുന്നൂറിലേറെ അച്ചടി സ്ഥാപനങ്ങളെ പ്രളയം സാരമായി ബാധിച്ചു. ഇവയില്‍ ഭൂരിപക്ഷവും ഇപ്പോഴും പ്രവര്‍ത്തനക്ഷമമായിട്ടില്ല. പ്രളയം കേരളത്തിലെ അച്ചടി വ്യവസായത്തിന് 400 കോടിയോളം രൂപ നഷ്ടമുണ്ടാക്കി.
സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ ആളുകള്‍ അച്ചടി വ്യവസായത്തെ ആശ്രയിച്ചാണ് ഉപജീവനം കഴിക്കുന്നത്. കടലാസിന് പുറമെ മഷി, കെമിക്കല്‍സ് എന്നിവ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലയിലും വര്‍ധനവ് ഉണ്ട്.
തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര മുതലായ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് സംസ്ഥാനത്തു കടലാസും മറ്റ് അസംസ്‌കൃത വസ്തുക്കളും എത്തുന്നത്. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ചു വലിയ വര്‍ധനവാണ് അടുത്ത കാലത്തു കേരളത്തില്‍ ഉണ്ടായിട്ടുള്ളത്.
ഇതുമൂലം പല അച്ചടി ജോലികളും ഇതര സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്നതും കേരളത്തിലെ അച്ചടിസ്ഥാപനങ്ങള്‍ക്ക് ഉല്‍പാദന നഷ്ടമുണ്ടാക്കുകയാണെന്നും ഇക്കരണത്താലൊക്കെയാണ് വില വര്‍ധിപ്പിക്കാന്‍ അസോസിയേഷന്‍ നിര്‍ബന്ധിതമായതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന ജനറല്‍ സെക്രട്ടറി വൈ വിജയന്‍, ജില്ലാ പ്രസിഡന്റ് വി.പി രത്‌നരാജ്, ജോയിന്റ് സെക്രട്ടറി വി. രാജനന്ദനന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ ബുഷ്ഹര്‍, തോമസ് ടി.പി, ഒ.എന്‍ വിശ്വനാഥന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."