പാട്ടും ആട്ടവുമായി മേപ്പാടിയിലെ സ്‌കൂളുകളില്‍ മലയാള പഠനം തുടങ്ങി
മേപ്പാടി: പാട്ടും ആട്ടവുമായി മേപ്പാടിയിലെ സ്‌കൂളുകളില്‍ മലയാള പഠനം തുടങ്ങി. ഭാഷാപരമായ പ്രയാസം നേരിടുന്നവരെ മികവിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ആസ്വാദ്യകരമായ പുത്തന്‍ പഠനരീതി തുടങ്ങിയത്.
സമ്പൂര്‍ണ മാതൃഭാഷാ ആര്‍ജ്ജിത പഞ്ചായത്താവുന്നതിന് മേപ്പാടി പഞ്ചായത്തും സമഗ്രശിക്ഷാകേരളയും പൊതുവിദ്യാഭ്യാസ വകുപ്പും കൈകോര്‍ക്കുകയാണ് ഇവിടെ.
മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പരിശീലനം ഉദ്ഘാടനം ചെയ്തു.
മാതൃഭാഷ തെറ്റില്ലാതെ എഴുത്തിലും വായനയിലും ഉപയോഗിക്കുന്നതിന് പരിമിതി ഉള്ളവരെ പ്രത്യേകം കണ്ടെത്തിയാണ് പരിശീലനം. ഭാഷയോടുള്ള താല്‍പ്പര്യം വളര്‍ത്തുകയും അതിലൂടെ അക്ഷരങ്ങള്‍ സ്വായത്തമാക്കുകയുമാണ് പുതിയ രീതി. ഇതിനായി പാട്ടുകളും കളികളും പരിസ്ഥിതി നിരീക്ഷണവുമെല്ലാം ആര്‍.പിമാര്‍ ഉപയോഗപ്പെടുത്തി കുട്ടികളില്‍ നവ്യാനുഭവം പകരുകയാണ്.മേപ്പാടി പഞ്ചായത്തിന്റെ പരിധിയിലുള്ള 13 സ്‌കൂളുകളില്‍ സര്‍വേ നടത്തിയിരുന്നു. ഇതില്‍ 912 കുട്ടികള്‍ക്ക് അടിസ്ഥാന ഭാഷാശേഷിയില്‍ പ്രയാസം അനുഭവിക്കുന്നതായി തിരിച്ചറിഞ്ഞു. ഇവരെ കേന്ദ്രീകരിച്ചാണ് 31 വരെ നീണ്ടുനില്‍ക്കുന്ന പ്രത്യേക പഠന രീതി നടപ്പാക്കുന്നത്.
ഇതിനായി സംസ്ഥാന തല റിസോഴ്‌സ് പേഴ്‌സണ്‍മാരായ 14 പേരുള്‍പ്പെടെ 36 പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 20 പേരടങ്ങിയ ബാച്ചുകളായി വിദ്യാര്‍ഥികളെ തിരിച്ച് സ്‌കൂളില്‍ തന്നെയാണ് പഠനം. ഇന്നലെ രക്ഷിതാക്കളുടെ യോഗങ്ങളും അതത് ക്ലാസുകളില്‍ നടന്നു. വിജയോത്സവത്തോടെയാവും ക്ലാസുകള്‍ 31ന് അവസാനിപ്പിക്കുക.
മേപ്പാടി ഗവ. ഹൈസ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് അധ്യക്ഷനായി.
സമഗ്ര ശിക്ഷകേരളം സ്‌റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ടി.പി കലാധരന്‍, പ്രോഗ്രാം ഓഫീസര്‍ എ.കെ സുരേഷ്, സി സീനത്ത്, വിജയകുമാരി സംസാരിച്ചു. ഡി.പി.ഒ ജി.എന്‍ ബാബുരാജ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ ജോര്‍ജ് മാമന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."