സര്‍ക്കാരിന്റെ മദ്യനയം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
കോഴിക്കോട്: സര്‍ക്കാരിന്റെ പു തിയ മദ്യനയം വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അരയിടത്തുപാലത്ത് ശംസുല്‍ ഉലമാ നഗറില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ 15ാമത് റമദാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യവും തിന്മയും വ്യാപകമാവുന്നതിനെതിരേ പ്രതികരിക്കേണ്ടത് വിശ്വാസം കൊണ്ടാണ്. പരീക്ഷണങ്ങളെ വിശ്വാസം കൊണ്ട് പ്രതിരോധിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. തിന്മകളിലേക്കു പോവാനുള്ള മനുഷ്യന്റെ സഹജമായ മനസിനെ ദൈവീകമായി നിയന്ത്രിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം 'സമകാലിക മുസ്‌ലിം ലോകം: തിരുവരുളുകള്‍ പുലരുന്നു'എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. വര്‍ത്തമാനകാല മുസ്‌ലിംലോകത്തെ പ്രശ്‌നങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ ശൈഥില്യമുണ്ടാക്കുക എന്ന അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമായി ഉണ്ടായതാണ്. മുസ്‌ലിം രാഷ്ട്ര നേതാക്കന്‍മാര്‍ അവസരവാദത്തിന്റെ താല്‍പര്യക്കാരായി മാറിയതാണ് എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം. റഹ്മത്തുല്ലാഹ് ഖാസിമി പറഞ്ഞു.
റഹ്മത്തുല്ലാഹ് ഖാസിമിയുടെ പ്രഭാഷണ വി.സി.ഡിയുടെ കിറ്റ് ജിഫ്‌രി തങ്ങള്‍ പ്രകാശനം ചെയ്തു. ദീവാര്‍ ഹുസൈന്‍ ഹാജി, എന്‍ജിനീയര്‍ മാമുക്കോയ ഹാജി എന്നിവര്‍ ഏറ്റുവാങ്ങി. ഉമര്‍ പാണ്ടികശാല മുഖ്യാതിഥിയായിരുന്നു. കാക്കുളങ്ങര മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, ഒ.പി അഷ്‌റഫ്, കെ.പി കോയ, പി.വി ശാഹുല്‍ ഹമീദ്, ആര്‍.വി സലീം, പി.കെ മുഹമ്മദ് മാസ്റ്റര്‍, അയ്യൂബ് കൂളിമാട് സംസാരിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും എന്‍.കെ റഫീഖ് നന്ദിയും പറഞ്ഞു. 17ന് അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി ആലുവ 'വാഴ്ത്താം പ്രപഞ്ചനാഥനെ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."