ഫസല്‍വധം: സി.പി.എം വാദം തള്ളി സി.ബി.ഐ
തലശ്ശേരി: എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഉത്തരവാദിയാരെന്ന തര്‍ക്കവുമായി സി.പി.എമ്മും - ആര്.എസ്.എസും.
പാതിരിയാട്ടെ കുഴിച്ചാല്‍ മോഹനന് വധക്കേസില്‍ അറസ്റ്റിലായ ആര്.എസ്.എസ് പ്രവര്ത്തകന് പാറാല്‍ ചെമ്പ്രയിലെ സുബീഷിന്റെ മൊഴിയുടെ ദൃശ്യങ്ങളാണ് കേസിനെ വീണ്ടും ചര്‍ച്ചയാക്കിയത്. ഡിവൈ.എസ്.പിമാരായ പ്രിന്‍സ് എബ്രാഹാമും കെ.പി സദാനന്ദനും തന്നെ മര്‍ദിച്ചാണ് മൊഴിയെടുത്തതെന്ന് പിന്നീട് സുബീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ സുബീഷിന്റെ മൊഴിയെ അടിസ്ഥാനമാക്കി വീണ്ടും അന്വേഷിക്കണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം. ഈക്കാര്യത്തില്‍ തങ്ങള്‍ക്കു തെറ്റുപറ്റിയിട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് സി.ബി.ഐ.
സംസ്ഥാന പൊലിസിലെ മൂന്ന് വിഭാഗങ്ങള്‍ അന്വേഷണം നടത്തിയ ശേഷമാണ് കോടതി നിര്‍ദേശപ്രകാരം കേസ് ഏറ്റെടുത്തത്. സി.ബി.ഐയുടെ പരിധിയിലുള്‍പ്പെട്ട കേസില്‍ ഇടപെടാന്‍ പൊലിസിന് അധികാരമില്ലെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നു.അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ കോടതിയുടെ മുന്‍പാകെയുള്ള കേസില്‍ പുതിയ കോലാഹലത്തിന്റെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ തിരുത്തിയെഴുതേണ്ടതില്ലെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഉറപ്പിച്ച് പറയുകയാണ്.
കൊല്ലപ്പെട്ട ഫസലിന്റെ സഹോദരന് അബ്ദുല്‍സത്താര്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതിനെ സിബി.ഐ ശക്തമായി എതിര്‍ത്തു. സി.പി.എം പ്രവര്‍ത്തകനായ അബ്ദുല്‍സത്താര്‍ പ്രതികളുമായി കൂട്ടുചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുകയാണെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍.ഡി.എഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും കൂടുതല്‍ പേരെ സംഘടനയിലേക്ക് ആകര്ഷിപ്പിക്കുകയും ചെയ്തതിലെ വൈരാഗ്യത്തിലാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് സി.ബി.ഐ കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ പറയുന്നു. സംസ്ഥാന പൊലിസ് ഈ കേസില്‍ കാണിക്കുന്ന അമിതാവേശം പ്രതികളുടെ സംരക്ഷണത്തിനാണെന്നുമാണ് സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."