.നല്ല വിദ്യാര്‍ഥിയാകാന്‍ വേണ്ടത് ശ്രദ്ധ
ഒരു നല്ല വിദ്യാര്‍ഥിക്ക് വേണ്ടതു ശ്രദ്ധയാണ്. അതെ. ശ്രദ്ധ മാത്രം. വെടിയേണ്ടതോ അഹംഭാവവും. കാലം എത്ര കഴിഞ്ഞാലും ഒരു നല്ല വിദ്യാര്‍ഥിക്ക് വേണ്ട ഗുണം ശ്രദ്ധതന്നെയാണെന്നാണ് ഉത്തരം.
ഇത് എന്റെ അഭിപ്രായമല്ല. ശ്രീകണ്‌ഠേശ്വരം പത്മനാഭ പിള്ളയുടെ ശബ്ദതാരാവലി പറയുന്നത് കേള്‍ക്കുക; വിശ്വാസം, ആസ്തിക്യം, ഗുരു മൊഴികളെയും ശാസ്ത്രങ്ങളെയും ഈശ്വര വിചാരത്തോടെ ഗ്രഹിക്കല്‍. കാണുക, കേള്‍ക്കുക, മനസിലാക്കുക ഇവ മൂന്നും ചേര്‍ന്നതാണ് ശ്രദ്ധയെന്നത്. പ്രധാനമെന്നും അപ്രധാനമെന്നും തരം തിരിക്കാനുള്ള നൈസര്‍ഗിക പ്രവണതയുമായിട്ടാണ് ശ്രദ്ധയുടെ ബന്ധം. ഒരൊറ്റ പാപം മാത്രമെ ലോകത്തുള്ളൂ. അതാണ് അഹംഭാവം.
ഈശ്വരനല്ല ഞാനാണ് കേമന്‍ എന്ന വിചാരം. ചെറു പുല്‍ക്കൊടി മുതല്‍ സൂര്യബിംബം വരെ എല്ലാം കൂടിയതാണ് ഈശ്വരന്‍. നീ തന്നെ ഈശ്വരന്റെ അംശമാണ്, ഞാനുമതെ. പക്ഷെ ഞാന്‍ ഞാനാണ് എന്നു വിശ്വസിക്കുന്നവന് ശ്രദ്ധയുണ്ടാവില്ല. അതൊഴിവാക്കിയാല്‍ വിദ്യാഭ്യാസം വിജയകരമായി തീരും. ഈ പ്രപഞ്ചത്തെ മുഴുവന്‍ ഈശ്വരാംശമായി കാണുകയാണ് വേണ്ടത് .
പിന്നെ അച്ചടക്കം വേണം. ശ്രദ്ധയും അഹംഭാവമില്ലായ്മയും ഉണ്ടെങ്കില്‍ അച്ചടക്കവും നിങ്ങളെത്തേടി വരും. ഉപാധികളില്ലാതെ സ്‌നേഹിക്കപ്പെടുമ്പോഴാണ് അച്ചടക്കം വളരുക. ഭയപ്പെടുത്തലോ അനുസരിപ്പിക്കലോ അല്ല യഥാര്‍ഥത്തില്‍ അച്ചടക്കം. സ്‌നേഹിക്കപ്പെടുന്നു എന്ന വിശ്വാസത്തില്‍ നിന്നേ നല്ല വിദ്യാര്‍ഥികള്‍ ഉണ്ടാകൂ.
കുട്ടികള്‍ക്ക് മാതൃകയാവുന്ന അധ്യാപകരും രക്ഷിതാക്കളും ഉണ്ടാവണം. ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്താനായാല്‍ കൂടുതല്‍ മികച്ച വിദ്യാര്‍ഥിയാകും.
സമയം വെറുതെ കളയരുത് എന്ന് നിര്‍ബന്ധം പിടിച്ചതുകൊണ്ട് മാത്രം കുട്ടി അത് നടപ്പാക്കണമെന്നില്ല. രക്ഷിതാക്കള്‍ സമയം വെറുതെ കളയാത്തവരാണെങ്കില്‍ അവനു മാതൃകയായി. രക്ഷിതാക്കളും അധ്യാപകരും കുട്ടി വളര്‍ന്ന് മിടുക്കനാകും എന്ന് വിശ്വസിച്ചാല്‍ അവനത് അനുഭവപ്പെടുകയും ആ ലക്ഷ്യം നേടിയെടുക്കാനായി അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. ഈശ്വര വിചാരത്തോടെ വിദ്യാഭ്യാസം നടത്തിയാല്‍ എല്ലാം പഠിക്കും, എന്തും പഠിക്കും. എല്ലാവര്‍ക്കും നന്മവരട്ടെ.
തയാറാക്കിയത് : ഫഖ്‌റുദ്ധീന്‍ പന്താവൂര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."