ഗുലാംനബിയുടെ വിലാപവും കോണ്‍ഗ്രസ് മനംമാറ്റവും
രാജ്യസഭയിലെ പ്രതിപക്ഷനേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുലാംനബി ആസാദ് കുറച്ചുദിവസം മുമ്പു നടത്തിയ വിലാപതുല്യമായ പരാമര്‍ശത്തെക്കുറിച്ചു കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് എന്തു പ്രതികരണമുണ്ടാകുമെന്ന് ഇത്രദിവസവും കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ഗാന്ധി മുതല്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ അതിശക്തമായി പ്രതികരിക്കുന്ന കേരളത്തിലെ യുവകേസരികള്‍ വരെ ഇക്കാര്യത്തില്‍ ഒരക്ഷരം പ്രതികരിച്ചു കണ്ടില്ല!
ഗുലാംനബി പറഞ്ഞത് ഇങ്ങനെയാണ്: 'കോണ്‍ഗ്രസ്സിലെ ഹിന്ദുക്കളായ സ്ഥാനാര്‍ഥികള്‍ കുറച്ചുവര്‍ഷമായി എന്നെ തെരഞ്ഞെടുപ്പു പ്രചാരണപരിപാടിയില്‍ പ്രസംഗിക്കാന്‍ വിളിക്കാറില്ല.'
അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥിയോഗത്തിലായതിനാല്‍ നല്ല കൈയടി കിട്ടുമെന്നു കരുതിയാണ് ഇങ്ങനെ പ്രസംഗിച്ചതെന്ന് അദ്ദേഹത്തെ അറിയുന്ന ആരും പറയില്ല. യൗവനാരംഭം മുതല്‍ അടിയുറച്ച കോണ്‍ഗ്രസ്സുകാരനും കറകളഞ്ഞ മതേതരവാദിയുമാണ് ഈ കശ്മിരുകാരന്‍. കോണ്‍ഗ്രസ്സല്ലാതെ മറ്റൊരു രാഷ്ട്രീയപ്രസ്ഥാനം അദ്ദേഹത്തിന്റെ ജീവിതത്തിലും മനസ്സിലുമുണ്ടായിട്ടില്ല.
ഗുലാംനബിയുടെ വാക്കുകള്‍ മനസ്സിന്റെ അടിത്തട്ടില്‍ നിന്ന് അറിയാതെ പുറത്തുചാടിയതാണെന്നു തന്നെ കരുതണം. യൂത്ത് കോണ്‍ഗ്രസ്സുകാരനായിരിക്കുമ്പോഴും മറ്റുമുണ്ടായ തികച്ചും വ്യത്യസ്തമായ അനുഭവവും അദ്ദേഹം അതേ പ്രസംഗത്തില്‍ വിവരിച്ചിട്ടുണ്ട്. അക്കാലത്തു തെരഞ്ഞെടുപ്പവേളയില്‍ നിന്നുതിരിയാന്‍ സമയം കിട്ടാറില്ല. രാജ്യത്തുടനീളം പ്രസംഗിക്കാന്‍ പോകേണ്ടിവരുമായിരുന്നു. തന്നെ ക്ഷണിച്ചുകൊണ്ടുപോകുന്നവരില്‍ 95 ശതമാനവും ഹിന്ദു സ്ഥാനാര്‍ഥികളായിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെയും അവരുടെ തെരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കുന്ന നേതാക്കളുടെയും മനോഭാവത്തില്‍ മാറ്റം വന്ന കാലത്തെക്കുറിച്ചും ഗുലാം നബി പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. നാലുവര്‍ഷത്തിനിടയിലാണ് ഈ മനോഭാവമാറ്റം സംഭവിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.
നാലുവര്‍ഷക്കാലത്തിനിടയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രഖ്യാപിതമായ നയം മാറ്റമൊന്നുമുണ്ടായിട്ടില്ല. സോണിയ മാറി പ്രസിഡന്റ് സ്ഥാനത്തു രാഹുല്‍ വന്നുവെന്നതു നയം മാറ്റത്തിനു കാരണമായിട്ടില്ല. പാര്‍ട്ടിയുടെ അവസാനവാക്ക് നെഹ്‌റു കുടുംബം തന്നെയാണ്. ഇരിപ്പിടം മാറിയെങ്കിലും സോണിയ തന്നെയാണു മകനെ നയിക്കുന്നത്.
നാലഞ്ചുവര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിനിടയില്‍ വന്ന മാറ്റം രാജ്യഭരണം ബി.ജെ.പിക്കു കിട്ടിയെന്നതാണ്. ഭരണം കിട്ടിയ ആദ്യദിവസം തന്നെ ഭരണഘടനയാണ് എന്റെ സര്‍ക്കാരിന്റെ മതമെന്നു പറഞ്ഞു നാട്ടുകാരെ മുഴുവന്‍ അത്ഭുതപ്പെടുത്തിയ മോദിയുടെ തൊട്ടുപിന്നാലെ അനുചരന്മാരെക്കൊണ്ടു തീവ്രഹിന്ദുത്വത്തിന്റെ പടവാളെടുപ്പിച്ചതു നാം കണ്ടു. വര്‍ഗീയവികാരം ഇളക്കിവിട്ടു അധികാരക്കസേര നേടുകയെന്ന ഗുജറാത്തിലെ നയം ദേശീയതലത്തില്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടു നാലുവര്‍ഷമാകുന്നതേയുള്ളൂ.
സാമുദായികരാഷ്ട്രീയത്തിന്റെ ആ കരാളത ഇന്ത്യന്‍രാഷ്ട്രീയത്തില്‍, ബി.ജെ.പിയുടെ പ്രഖ്യാപിതശത്രുക്കളെന്നു പറയപ്പെടുന്ന കോണ്‍ഗ്രസ്സുകാരുടെ മനസ്സുകളിലും രാഷ്ട്രീയനിലപാടുകളിലും പോലും എത്രമാത്രം വേരുറച്ചിരിക്കുന്നുവെന്നു ബോധ്യപ്പെടുത്തുന്നതാണു ഗുലാംനബിയുടെ സങ്കടം പറയല്‍.
വര്‍ഗീയരാഷ്ട്രീയം സംഘ്പരിവാറിന്റെ അടിസ്ഥാനപരമായ അജന്‍ഡയാണ്. സാമുദായിക അടിത്തറയ്ക്കു മുകളില്‍ പടുത്തുയര്‍ത്തപ്പെട്ട രാഷ്ട്രീയപ്രസ്ഥാനമാണത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അങ്ങനെയല്ല. തികഞ്ഞ മതവിശ്വാസിയാണെങ്കിലും അതിലുപരി മതേതരവാദിയായിരുന്ന മഹാത്മജി പാലൂട്ടിവളര്‍ത്തിയ പ്രസ്ഥാനമാണത്. കറയറ്റ സോഷ്യലിസ്റ്റായ ജവഹര്‍ലാല്‍ നെഹ്‌റു പരിപാലിച്ച പ്രസ്ഥാനമാണത്.
ആ പ്രസ്ഥാനത്തിലെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മനസ്സില്‍ സാമുദായികവികാരവും വിവേചനവും വേരുപിടിച്ചിരിക്കുന്നുവെന്നാണു ഗുലാംനബിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ദിഗ്‌വിജയ് സിങ്ങും ഇതേകാര്യം നേരത്തേതന്നെ പറഞ്ഞിട്ടുണ്ട്.
ഹിന്ദുത്വത്തിന്റെ പേരില്‍ നടക്കുന്ന സാമുദായിക ഭ്രാന്തിനെ നഖശിഖാന്തം എതിര്‍ക്കുന്നവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും നേതാക്കളും ഭയക്കുന്നു. അവരുടെ വാക്കും പ്രവൃത്തിയും സാന്നിധ്യംപോലും തങ്ങള്‍ക്കു തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്ന ഭീതിയാണവരെ ഭരിക്കുന്നത്. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വ നിലപാടിനെ ശരണം പ്രാപിച്ചിരിക്കുകയാണവര്‍.
അതിനിടയില്‍ മതേതര മനസ്സുകള്‍ക്കു സ്ഥാനമില്ല, അവരുടെ പ്രസംഗങ്ങള്‍ വോട്ടര്‍മാരുടെ സാമുദായിക വികാരത്തെ വ്രണപ്പെടുത്തിയാലോ. ഗുലാം നബിയെയും ദിഗ്‌വിജയിനെയും മാത്രമല്ല, നെഹ്‌റുവും മഹാത്മജിയും വന്നാല്‍പ്പോലും ഇത്തരം തന്ത്രപൂര്‍വം തെരഞ്ഞെടുപ്പു വേദികളില്‍ നിന്നു മാറ്റിനിര്‍ത്തപ്പെടുമായിരുന്നു. സാമുദായിക പ്രീണനം പറഞ്ഞു ശീലിച്ച നാക്കല്ലല്ലോ അവരുടേത്.
പണ്ടും ഇത്തരം വര്‍ഗീയമനസ്സുകള്‍ കോണ്‍ഗ്രസ്സില്‍ ധാരാളമുണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിയുടെ തൊട്ടുപിന്നാലെ തന്നെ പരിഹരിക്കപ്പെടുമായിരുന്ന കശ്മിര്‍ പ്രശ്‌നം വഷളാക്കിയവരില്‍ ഒരുകൂട്ടര്‍ അവരാണ്. കശ്മിര്‍ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ ഡല്‍ഹിയിലേയ്ക്കു താന്‍ ക്ഷണിച്ചു വരുത്തിയ ഷെയ്ക് അബ്ദുല്ലയ്ക്കു നെഹ്‌റു മുന്നറിയിപ്പു നല്‍കിയത് 'ഖദറിട്ട അത്തരം വേഷക്കാരുമായി ഒന്നും തുറന്നു സംസാരിക്കരുതെന്നായിരുന്നു. അത്തരക്കാരുടെ വലിഞ്ഞു കയറ്റം ഒഴിവാക്കാന്‍ തന്റെ ഔദ്യോഗിക വസതിയില്‍ത്തന്നെയാണു നെഹ്‌റു ഷെയ്ക് അബ്ദുല്ലയ്ക്ക് താമസമൊരുക്കിയത്.
കാരണം, നെഹ്‌റു തികഞ്ഞ മതേതരവാദിയായിരുന്നു.
മതേതരത്വത്തിന്റെ പാതയിലൂടെ തന്നെ കോണ്‍ഗ്രസ്സിനെ ജനപ്രിയമാക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.
ആ വിശ്വാസത്തിന്റെ ബലത്തിലാണ് ദേശീയരാഷ്ട്രീയ നഭസ്സില്‍ കത്തിജ്വലിക്കുന്ന സൂര്യനായി ഏറെക്കാലം നിലനില്‍ക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."