അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്റെ അനുമതി; നര്‍സിങിന് റിയോയില്‍ മത്സരിക്കാം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന് റിയോ ഒളിംപിക്സില്‍ മത്സരിക്കാന്‍ അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്റെ അനുമതി. താരത്തിന് ഒളിംപിക്സില്‍ മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നു കാണിച്ച് റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് നര്‍സിങിന് അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന് റിയോയില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയത്. അന്താരാഷ്ട്ര ഉത്തേജക സമിതിയുടെ വിധിയും അനുകൂലമായാല്‍ നര്സിങിനു റിയോയില്‍ മത്സരിക്കാനാവും.
നാഡയുടെ അപേക്ഷയില്‍ നര്‍സിങിന് 74 കിലോ വിഭാഗത്തില്‍ മത്സരിക്കാന്‍ അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന് അനുമതി നല്‍കിയതില്‍ അതിയായ സന്തോഷമുണ്ടെന്നു ദേശീയ റെസ്ലിങ് ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ് പറഞ്ഞു. അന്താരാഷ്ട്ര ഫെഡറേഷന്റെ മറുപടി ലഭിച്ചുവെന്ന് ദേശീയ ഫെഡറേഷന് ഔദ്യോഗികമായി അറിയിച്ചാല്‍ നര്‍സിങിന് റിയോയില്‍ മത്സരിക്കുന്നതിനുള്ള പ്രശ്നങ്ങള്‍ ഭൂരിഭാഗവും പരിഹരിക്കാം. ഈ സാഹചര്യത്തില്‍ വാഡയും അനുകൂല നടപടിയെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ബ്രിജ് ഭൂഷണ് വ്യക്തമാക്കി.
അതേസമയം വാഡ നര്‍സിങിന്റെ ഉത്തേജക വിവാദം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്ക് കൈമാറണമെന്നു നാഡയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഫയലുകള്‍ വിലയിരുത്തിയ ശേഷം വാഡ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചാല്‍ നര്‍സിങിന്റെ ഒളിംപിക് പങ്കാളിത്തം സംബന്ധിച്ച തീരുമാനം വൈകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."