മഴക്കെടുതി: വായ്പാ തിരിച്ചടവ് മുടങ്ങും ആധിയോടെ കുടുംബശ്രീ അംഗങ്ങള്‍
എം. അപര്‍ണ
കോഴിക്കോട്: തുടര്‍ച്ചയായി മഴക്കെടുതിയുണ്ടായതോടെ റിസര്‍ജന്റ് കേരള ലോണ്‍ പദ്ധതി പ്രകാരം വായ്പയെടുത്ത കുടുംബശ്രീകള്‍ ആശങ്കയില്‍.
കുടുംബശ്രീ അംഗങ്ങളില്‍ പലരുടെയും ജീവനോപാധികള്‍ ഈ വര്‍ഷവും മഴക്കെടുതിയില്‍ നശിച്ചതിനാല്‍ ആധിയോടെയാണ് ഇവര്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നഷ്ടമായ വീട്ടുപകരണങ്ങളും കോഴി, ആട് മുതലായ ജീവനോപാധികളും വാങ്ങുന്നതിനും വീടിന്റെ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ബാങ്ക് വഴി കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ റിസര്‍ജന്റ് കേരള ലോണ്‍ പദ്ധതി പ്രകാരം പലിശരഹിത വായ്പ നല്‍കിയിരുന്നു.
സംസ്ഥാനത്താകെ 25,374 കുടുംബശ്രീകളിലൂടെ 1,73,167 പേര്‍ക്കായി 1435.14 കോടി രൂപയാണ് പദ്ധതിലൂടെ വായ്പ നല്‍കിയത്. ഇതില്‍ പകുതിയിലേറെ കുടുംബങ്ങളുടെയും വരുമാനമാര്‍ഗം ഈ വര്‍ഷത്തെ മഴക്കെടുതിയില്‍ നഷ്ടമായതായാണ് കുടുംബശ്രീയുടെ കണക്ക്. കഴിഞ്ഞ പ്രളയ കാലത്താണ് പ്രളയബാധിതര്‍ക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപവരെ വായ്പ അനുവദിച്ചത്. ഒന്‍പതു ശതമാനം പലിശ നിരക്കിലായിരുന്നു വായ്പ. ആദ്യം പലിശസഹിതം ദുരിതബാധിതര്‍ മാസ തവണകളായി 2,850 രൂപ അടയ്ക്കണം.
ബാങ്കുകളില്‍ അടയ്‌ക്കേണ്ട ഒന്‍പതു ശതമാനം പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കുടുംബശ്രീകള്‍ക്ക് ലഭ്യമാക്കി. 36 മുതല്‍ 48 മാസം വരെയാണ് തിരിച്ചടവ് കാലയളവ്.
അതേസമയം, വായ്പയെടുത്തവര്‍ തന്നെ ഈ വര്‍ഷം വീണ്ടും ദുരിതബാധിതരായതാണ് തിരിച്ചടവ് താളംതെറ്റാന്‍ ഇടയാക്കുന്നത്. വായ്പയെടുത്ത് വാങ്ങിയ ജീവനോപാധികള്‍ വീണ്ടും നശിച്ചതോടെ തിരിച്ചടവ് മുടങ്ങുന്ന സ്ഥിതിയിലാണ്. കൃത്യമായി വായ്പാ തുക തവണകളായി ബാങ്ക് മുഖേന സര്‍ക്കാരിലേക്ക് എത്തിക്കൊണ്ടിരുന്നപ്പോഴാണ് വീണ്ടും പ്രളയമെത്തിയത്.
ഈ സാഹചര്യത്തില്‍ തിരിച്ചടവ് കാലാവധി കൂട്ടണമെന്നും ഇതുവരെ അടച്ചവരുടെ ബാക്കി തുക എഴുതിത്തള്ളണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടു വര്‍ഷവും നാശനഷ്ടം സംഭവിച്ച കുടുംബശ്രീ യൂനിറ്റുകളുടെ കണക്കെടുത്ത ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐ.എ.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."