മെട്രോ ടൂള്‍സ് കവര്‍ച്ചാശ്രമം; രണ്ടാം പ്രതിയും പിടിയില്‍
തളിപ്പറമ്പ്: മെട്രോ ടൂള്‍സ് കവര്‍ച്ചാ ശ്രമക്കേസിലെ രണ്ടാം പ്രതിയെയും പൊലിസ് പിടികൂടി. കാലടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ വയക്കാട്ട് കൊളക്കാട്ട് പറമ്പില്‍ കെ.പി.നൗഷാദിനെയാണ് വെളളിയാഴ്ച്ച രാത്രി കണ്ണൂര്‍ ടൗണില്‍ വെച്ച് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ദിനേശന്‍, സീനിയര്‍ സി.പി.ഒ അബ്ദുള്‍ റൗഫ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി.വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനതത്തിലാണ് പൊലിസ് തെരച്ചില്‍ നടത്തിയത്. കേസിലെ മറ്റൊരു പ്രതി തൃശുര്‍ മണ്ണംപറ്റ കോടാലി വീട്ടില്‍ പി.ആര്‍.ഷിബു റാഫേല്‍(47)നെ കഴിഞ്ഞ ദിവസം പറശ്ശിനിക്കടവിലെ ഒരു ലോഡ്ജില്‍ വെച്ച് പൊലിസ് പിടിയിലായിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. കേസില്‍ ഒരു പ്രതിയേക്കുടി ഇനി പിടികിട്ടാനുണ്ടെന് പൊലിസ് പറഞ്ഞു.
നേരത്തെ കവര്‍ച്ച കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ച് അടുത്തിടെയാണ് ഷിബുവും നൗഷാദും പുറത്തിറങ്ങിയത്. മോഷ്ടാക്കള്‍ ഷട്ടര്‍ പൊളിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു.
ഇതാണ് വളരെ വേഗത്തില്‍ പ്രതികളെ കുടുക്കാന്‍ പൊലിസിനെ സഹായിച്ചത്. എ.എസ്.ഐ ശാര്‍ങ്ങ ധരന്‍, സി.പി.ഒ മാരായ രാജേഷ്, സ്‌നേഹേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ നൗഷാദിനെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."