കണ്ണൂരില്‍ ആദ്യയാത്രക്കാരായി അമിത്ഷായും ഭാര്യയും
മട്ടന്നൂര്‍: ഉദ്ഘാടനത്തിനു മുന്‍പ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പറന്നിറങ്ങി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ഭാര്യയും. ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്നലെ രാവിലെ 11.30നാണ് കണ്ണൂരില്‍ അമിത്ഷായും ഭാര്യ സൊനാല്‍ ഷായും ആദ്യ യാത്രക്കാരായി എത്തിയത്. വി. മുരളീധരന് എം.പിയും ഒപ്പമുണ്ടായിരുന്നു.
ഡിസംബര്‍ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന് വിമാനത്താവളം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനെത്തിയ അമിത്ഷാ കണ്ണൂരില്‍ വിമാനമിറങ്ങിയത്. അമിത്ഷായ്ക്ക് അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്സണിങ് (എ.എസ്.എല്‍) വിഭാഗം സുരക്ഷയുള്ളതിനാല്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ കൂടി അനുമതിയോടെയാണ് കണ്ണൂരില്‍ വിമാനമിറക്കിയത്. വിമാനത്താവളത്തില്‍ ആദ്യ വി.ഐ.പി യാത്രക്കാരനായി എത്തിയ അമിത്ഷായെ കിയാല്‍ എക്സിക്യൂട്ടിവ് ഡയരക്ടര്‍ (എന്‍ജിനീയറിങ്) കെ.പി ജോസ്, ഓപറേഷന്‍സ് മാനേജര്‍ ബിനു ഗോപാല്‍, ചീഫ് സെക്യൂരിറ്റി ഓഫിസര്‍ മണിയറ വേലായുധന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിച്ചു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, ദേശീയ സെക്രട്ടറി എച്ച്. രാജ, ഒ. രാജഗോപാല്‍ എം.എല്‍.എ, മുന്‍ അധ്യക്ഷന്മാരായ സി.കെ പത്മനാഭന്, പി.കെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വന്‍ വരവേല്പ് നല്കി. ഉച്ചകഴിഞ്ഞ് 2.45ന് വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ അമിത്ഷാ തിരുവനന്തപുരത്തേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."