കിടത്തി ചികിത്സ ഇല്ലാതെ തൃത്താല ആശുപത്രി
കൂറ്റനാട്: തൃത്താല സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ ഇല്ലാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു. സൗകര്യങ്ങളേറെയുണ്ടായിട്ടും ജീവനക്കാരുടെ കുറവ് കാരണം കിടത്തി ചികിത്സ നിര്‍ത്തിയിട്ടു മാസങ്ങളായി. പട്ടാമ്പി താലൂക്ക് ആശുപത്രിയെയും തൃശൂര്‍ മെഡിക്കല്‍ കോളജിനെയുമാണ് രോഗികള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. മൂന്നു ഡോക്ടറും ആറ് സ്റ്റാഫ് നഴ്‌സും വേണ്ടിടത്തു രണ്ട് ഡോക്ടറും രണ്ട് നഴ്‌സുമാണ് ആശുപത്രിയിലുള്ളത്.
സ്ഥലം മാറ്റിയ സ്റ്റാഫ് നഴ്‌സുകള്‍ക്ക് പകരം പുതിയ നഴ്‌സുമാരെ നിയമിച്ചിട്ടില്ല. തൃത്താല, പരുതൂര്‍, പട്ടിത്തറ, ആനക്കര, നാഗലശ്ശേരി പഞ്ചായത്തുകളിലെ സാധാരണക്കാരായ നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന പ്രധാന ആശുപത്രിക്കാണ് ഈ അവസ്ഥ. ദിവസവും പകര്‍ച്ചപ്പനിയും മറ്റും ബാധിച്ച് മൂന്നൂറിലേറെ രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. മാറി വരുന്ന സര്‍ക്കാരുകള്‍ക്കു ആശുപത്രിയോട് താല്‍പര്യവുമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ആശുപത്രിയുടെ പദവി ഉയര്‍ത്തി അടിയന്തരമായി കിടത്തി ചികിത്സ പുനരാരംഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."