മുത്തൂറ്റ് തൊഴില്‍ തര്‍ക്കം; ചര്‍ച്ച പരാജയപ്പെട്ടു
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ സമവായ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിവരുന്ന സമരം തുടരും. ചര്‍ച്ചയില്‍ ചില വിഷയങ്ങളില്‍ ധാരണ ഉണ്ടായതായും കുറച്ച് കാര്യങ്ങളില്‍ തീരുമാനമെടുക്കാനായില്ലെന്നും മന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
നിലവിലെ സാഹചര്യം ഒരു മാറ്റവുമില്ലാതെ തുടരുമെന്ന് മുത്തൂറ്റ് സമരസമിതി അറിയിച്ചു. ശമ്പള വര്‍ധനവ് അടക്കമുള്ള കാര്യങ്ങളില്‍ മാനേജ്‌മെന്റ് വിട്ടുവീഴ്ചക്ക് തയാറായില്ല.
ബോണസും പിടിച്ചുവച്ച ശമ്പളവും നല്‍കാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചെങ്കിലും പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍നിന്ന് പിന്നോട്ടു പോകില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ് പറഞ്ഞു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് എം.ഡി ജോര്‍ജ് അലക്‌സാണ്ടര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യോഗത്തില്‍ പങ്കെടുക്കാതെയാണ് ജോര്‍ജ് അലക്‌സാണ്ടര്‍ മടങ്ങിയത്. മുത്തൂറ്റ് ഫിനാന്‍സില്‍ ഇപ്പോഴുള്ളത് തൊഴില്‍ തര്‍ക്കമല്ല, ക്രമസമാധാന പ്രശ്‌നമാണ്. സമരം മുന്നോട്ടു പോയാല്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ പൂട്ടേണ്ടി വരുമെന്നും എം.ഡി പറഞ്ഞു.കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മുത്തൂറ്റില്‍ ഒരു വിഭാഗം ജീവനക്കാര്‍ സമരം തുടങ്ങിയത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ബ്രാഞ്ചുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതായി മുത്തൂറ്റ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചു.
എന്നാല്‍ ഇതിനെതിരേ നല്‍കിയ ഹരജിയില്‍ ജോലിക്കെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലായിരുന്നു തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും മുത്തൂറ്റില്‍ സമവായ ചര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."