ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭ: ഇന്ന് നോട്ടിസ് നല്‍കും, അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകണം, പ്രതിരോധിക്കാന്‍ ഉടമകള്‍
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു. ഇന്നു ചേര്‍ന്ന നരഗസഭ യോഗത്തിലാണ് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഇന്നുതന്നെ നോട്ടിസ് നല്‍കാന്‍ തീരുമാനിച്ചത്. അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെടുക എന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തിലേക്ക് പ്രതിഷേധവുമായി ഫ്‌ളാറ്റ് ഉടമകളുമെത്തി. യോഗം ബഹളത്തില്‍ കലാശിച്ചു. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ചേരിതിരിഞ്ഞ് വാഗ്വോദവും തുടങ്ങി. സുപ്രിം കോടതി വിധി നടപ്പാക്കാനാവില്ലെന്ന് നഗരസഭ പ്രമേയം പാസാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇതംഗീകരിക്കാന്‍ ഭരണസമിതി തയാറായിട്ടില്ല. തുടര്‍ന്നാണ് സുപ്രിം കോടതി വിധി നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെ യോഗം തീരുമാനിച്ചിരിക്കുന്നത്.
അതേ സമയം പുതിയ ഹരജികള്‍ സ്വീകരിക്കരുതെന്ന ജസ്റ്റിസ് അരുണ്‍മിശ്രയുടെ ഉത്തരവ് ഉള്ളതിനാലാണ് ഫ്‌ളാറ്റുടമകള്‍ക്ക് പുതിയ റിട്ട് ഹരജികള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തത്. അതേസമയം വിധിക്കെതിരേ തിരുത്തല്‍ ഹരജി നല്‍കാന്‍ ഫ്ളാറ്റുടമകള്‍ക്ക് തടസമില്ല.
നിയമലംഘനം കണ്ടെത്തിയ മൂന്നംഗ സമിതി തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ആരോപിച്ച് ഇന്നലെയാണ് ഫ്ളാറ്റുടമകള്‍ വീണ്ടും ഹരജി നല്‍കിയത്. ഈ ഹരജി ജഡ്ജിമാരുടെ മുമ്പിലേക്ക് എത്തില്ലെന്നാണ് രജിസ്ട്രി നല്‍കുന്ന വിവരം.
ഫ്ളാറ്റ് ഉടമകള്‍ക്ക് കുടിയൊഴിഞ്ഞുപോകാനുള്ള നോട്ടിസ് പതിക്കുന്ന നടപടിയിലേക്ക് നഗരസഭ കടന്നിരിക്കുകയാണ്.
ചമ്പക്കര കനാലിന് സമീപമുള്ള 15 നിലകളിലായി 40 ഫ്‌ളാറ്റുകള്‍ ഉള്ള ഗോള്‍ഡണ്‍ കായലോരം അപാര്‍ട്‌മെന്റ്, 90 ഫ്‌ളാറ്റുകളുള്ള കുണ്ടന്നൂരിലെ പതിനെട്ട് നില ഹോളി ഫെയ്ത്ത് എച്ച് ടു.ഒ, നെട്ടൂര്‍ കടത്തു കടവിനു സമീപം 16 നിലകളിലായി 94 ഫ്‌ളാറ്റുകളുള്ള ആല്‍ഫാ വെഞ്ചേഴ്‌സ് ഇരട്ട അപാര്‍ട്‌മെന്റ് സമുച്ചയം,18 നിലകളിലായി 125 ഫ്‌ളാറ്റുകളുള്ള നെട്ടൂര്‍ കേട്ടെഴുത്ത് കടവിലെ ജെയ്ന്‍ കോറല്‍ കോവ് എന്നീ അപ്പാര്‍ട്ട്‌മെന്റുകളാണ് പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്.
അതേ സമയം ഏതു വിധേനെയും ഇതിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള നീക്കത്തിലാണ് ഫ്‌ളാറ്റുടമകള്‍. എന്തു ചെയ്യണമെന്നതിനെക്കുറിച്ചുള്ള കൂടിയാലോചനയിലാണ് ഇവര്‍.
corporation to demolish maradu flats, will send notice today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."