കെ.എസ്.ഇ.ബി നീക്കം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനെന്ന് ആക്ഷേപം: ഇടുക്കി പദ്ധതി നവീകരണം 15ന് തുടങ്ങും
തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി പദ്ധതിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജൂണ്‍ 15 ന് തുടക്കമാകും. മൂലമറ്റം പവര്‍ഹൗസിലെ നാലുപതിറ്റാണ്ട് പിന്നിട്ട 130 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്നു ജനറേറ്ററുകളാണ് നവീകരിക്കുന്നത്.
മൂന്നാം നമ്പര്‍ ജനറേറ്ററാണ് ആദ്യം നവീകരിക്കുന്നത്. വഡോദര ആസ്ഥാനമായുള്ള ജി.ഇ പവര്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിയാണ് 47.846 കോടി രൂപയ്ക്ക് കരാര്‍ എടുത്തിരിക്കുന്നത്. 2016 സെപ്തംബര്‍ 24 ന് കെ.എസ്.ഇ.ബിയുമായി കരാര്‍ ഒപ്പിട്ടു. 42 മാസം കൊണ്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. 2018 ഫെബ്രുവരിയില്‍ മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ പണികള്‍ പൂര്‍ത്തിയാക്കി തുടര്‍ന്ന് ഒന്നും രണ്ടും ജനറേറ്ററുകള്‍ നവീകരിക്കാനാണ് തീരുമാനം.
അതേസമയം, ഇടുക്കി പദ്ധതിയുടെ ആദ്യഘട്ട ജനറേറ്ററുകളുടെ നവീകരണം സംബന്ധിച്ച് വിദഗ്ധ സമിതികള്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ അവഗണിച്ച് 'ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍' ആണ് ഇപ്പോഴത്തെ നീക്കമെന്ന് ആക്ഷേപമുണ്ട്. സാങ്കേതികമായി കാലഹരണപ്പെട്ട ഒന്നാം ഘട്ടത്തിലെ മൂന്ന് ജനറേറ്ററുകളുടെ സമഗ്ര നവീകരണമാണ് ആവശ്യമായിട്ടുള്ളത്. ജനറേറ്റര്‍, ടര്‍ബൈന്‍, പവര്‍ ട്രാന്‍സ്‌ഫോമറുകള്‍ എന്നിവ പൂര്‍ണമായും മാറ്റിസ്ഥാപിച്ചെങ്കില്‍ മാത്രമേ പവര്‍ ഹൗസിന് പൂര്‍ണശേഷി വീണ്ടെടുക്കാനാകൂ എന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കണ്‍ട്രോള്‍ സിസ്റ്റം, സ്വിച്ച്‌യാര്‍ഡ് യന്ത്രസാമഗ്രികള്‍, ഗവേണറുകള്‍, എക്‌സൈറ്റര്‍ എന്നിവ മാത്രം നവീകരിക്കാനാണ് ഇപ്പോള്‍ നീക്കം. കാലപ്പഴക്കം ചെന്ന ബട്ടര്‍ഫ്‌ളൈ വാല്‍വും സ്‌ഫെറിക്കല്‍ വാല്‍വും മാറ്റി പുതിയവ സ്ഥാപിക്കാന്‍ നടപടിയില്ല.
ആദ്യഘട്ട ജനറേറ്ററുകളും അനുബന്ധ സംവിധാനങ്ങളും സാങ്കേതികമായി കാലഹരണപ്പെട്ടെന്ന് വൈദ്യുതി ബോര്‍ഡിന് നല്ല ബോധ്യമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടുക്കി പദ്ധതി ഷട്ട്ഡൗണ്‍ ചെയ്താല്‍ കേരളം ഇരുട്ടിലാകുമെന്ന് ഉറപ്പാണ്. ഭാഗിക നവീകരണം നടത്തി തല്‍ക്കാലത്തേക്ക് പിടിച്ചു നില്‍ക്കാനാകുമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തല്‍. സമഗ്ര നവീകരണത്തിന് 600 കോടി രൂപയിലധികം കണ്ടെത്തേണ്ടി വരും. പവര്‍ഹൗസിന്റെ രണ്ടാം ഘട്ടം 1985 ലാണ് കമ്മിഷന്‍ ചെയ്തത്. ഈ ജനറേറ്ററുകള്‍ 10 വര്‍ഷം കൂടി പ്രശ്‌നമില്ലാതെ മുന്നോട്ടുപോകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി പവര്‍ ഹൗസിനുള്ളില്‍ സൈറ്റ് ഓഫിസ് തുറന്നുകഴിഞ്ഞു. ജനറേഷന്‍ ചീഫ് എന്‍ജിനീയര്‍ കഴിഞ്ഞ ദിവസം പവര്‍ ഹൗസ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പണി പൂര്‍ത്തിയാകുന്നതോടെ ലാവ്‌ലിന്‍ സ്ഥാപിച്ച പവര്‍ഹൗസിന്റെ ഒന്നാംഘട്ടം സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്‍ഡ് ഡാറ്റാ അക്വസിഷന്‍ (സ്‌കാഡാ) കമ്പ്യൂട്ടര്‍ സംവിധാനത്തിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."