ജനാധിപത്യ ഇന്ത്യയുടെ ശാപം
'ഉയര്‍ന്ന ധാര്‍മികതയുള്ള സ്വതന്ത്രമായൊരു ജുഡീഷ്യറിയാല്‍ സംരക്ഷിക്കപ്പെടാത്തിടത്തോളം കാലം ഭരണഘടന പൗരന് നല്‍കുന്ന എല്ലാ അവകാശങ്ങളും പൊള്ളയും വിലയില്ലാത്തതുമാകും...' എന്നു പറഞ്ഞത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ആന്‍ഡ്രൂ ജാക്‌സണ്‍ ആണ്.
പൗരാവകാശങ്ങള്‍ ഭരണഘടനാ പുസ്തകത്തില്‍ എഴുതിവച്ചാല്‍മാത്രം കിട്ടുന്ന ഒന്നല്ല എന്ന് അഭിഭാഷകനും സൈനികനുമായി ജീവിതം തുടങ്ങി പിന്നീട് രാഷ്ട്രീയനേതാവും രാഷ്ട്രത്തലവനുമായി മാറിയ അദ്ദേഹത്തിനറിയാമായിരുന്നു. ഏതു മഹത്തായ ഭരണഘടനയേയും അശ്ലീലമാക്കാന്‍ ഒരു ന്യായാധിപന്‍ മതി.ജുഡീഷ്യറി രാഷ്ട്രീയാധികാരത്തോട് ഇണചേരുന്നത് ജനാധിപത്യത്തിന്റെ മരണസൂചനയാണ്. ഇന്ത്യയില്‍ ഇപ്പോഴത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മുഹൂര്‍ത്തം ഏറെ നിര്‍ണായകവുമാണ്.
പശുവിനെ ദേശീയ മൃഗമാക്കണമെന്നും ഗോവധത്തിനുള്ള ശിക്ഷ ജീവപര്യന്തമാക്കണമെന്നും വിധി പുറപ്പെടുവിച്ച രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ ഭൂതകാലത്തിലേക്ക് നിങ്ങളൊന്ന് പോയി നോക്കിയോ 'ഓക്‌സിജന്‍ സ്വീകരിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന ഏകജീവിയാണ് പശു' എന്ന് പറയുന്ന അയാളുടെ ആദ്യ സര്‍വകലാശാലാ ബിരുദം ശാസ്ത്രത്തിലാണെന്നത് വിരോധാഭാസം.
മയില്‍ ബ്രഹ്മചാരിയാണെന്നും ഇണചേരുകയില്ലെന്നും പെണ്‍മയില്‍ ആണ്‍മയിലിന്റെ കണ്ണുനീര്‍ കുടിക്കുന്നതിലൂടെയാണ് ഗര്‍ഭം ധരിക്കുന്നതെന്നും അതുകൊണ്ടാണ് ഭഗവാന്‍ കൃഷ്ണന്‍ മയില്‍പീലി ചൂടുന്നതെന്നും പറയുന്ന ഈ ന്യായാധിപന്‍ അഭിഭാഷകന്‍ എന്ന നിലയില്‍ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയിലാണെന്നത് തമാശയല്ല. രാജസ്ഥാന്‍ ഹൈക്കോടതിയുടെ വെബ്‌സൈറ്റിലുള്ള ജഡ്ജിയുടെ മഹത്തായ കരിയര്‍ പ്രൊഫയിലില്‍ എഴുതിവച്ചിരിക്കുന്നതാണ് അദ്ദേഹമൊരു ഭരണഘടനാവിദഗ്ധന്‍ ആണെന്ന്. പഴയ വാര്‍ത്തകള്‍ തിരഞ്ഞുനോക്കിയാല്‍ മനസിലാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെ സിന്ധ്യക്ക് എതിരായ അഴിമതി കേസുകളില്‍നിന്നെല്ലാം അവരെ രക്ഷപ്പെടുത്തിയ വിധിന്യായങ്ങള്‍ മിക്കതും എഴുതിയത് ഇതേ ജഡ്ജിയാണ്.
കോടികളുടെ അഴിമതി നടന്ന ജല്‍മഹല്‍ ടൂറിസം പദ്ധതി കേസില്‍ വസുന്ധര രാജെയെ 2012ല്‍ കുറ്റവിമുക്തയാക്കിയത് ഈ ജഡ്ജിയാണ്. വസുന്ധര രാജേയ്‌ക്കൊപ്പം അഴിമതിയില്‍ പങ്കുകാരായ മൂന്നു മുന്‍ ഹൈക്കോടതി ജഡ്ജിമാരെ തെളിവില്ലെന്ന് കാരണം പറഞ്ഞു പുല്ലുപോലെ രക്ഷിച്ചു കൊടുത്തതും ഇതേ ജഡ്ജിയാണ്. ജയ്പൂരിലെ സര്‍ക്കാര്‍ ഗോശാലയില്‍ അഞ്ഞൂറിലേറെ പശുക്കള്‍ ചത്തത് സംബന്ധിച്ച കേസിലെ വിധിന്യായത്തില്‍ ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ എടുത്തുപറഞ്ഞതും ഇതേ ജഡ്ജിയാണ്. ഭരണഘടനയെ അവമതിക്കുന്ന ഇത്തരം ആളുകളാണ് ജനാധിപത്യ ഇന്ത്യയുടെ വര്‍ത്തമാനകാല ശാപം.
മുനവ്വിര്‍ കല്ലൂരാവി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."