ബത്തേരി-താളൂര്‍ അന്തര്‍ സംസ്ഥാന പാത യാത്രക്കാരുടെ നടുവൊടിക്കും
സുല്‍ത്താന്‍ ബത്തേരി: പാടെ തകര്‍ന്ന സുല്‍ത്താന്‍ ബത്തേരി-താളൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ നടുവൊടിക്കും യാത്ര. ബത്തേരി മുതല്‍ താളൂര്‍ വരെ 11 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. ഇതില്‍ മലങ്കര നെല്ലിച്ചുവട് മുതല്‍ സംസ്ഥാന അതിര്‍ത്തിയായ താളൂര്‍ വരെയുള്ള 8.2 കിലോമീറ്റര്‍ ദൂരമാണ് കാല്‍നടയാത്ര പോലും സാധ്യമാകാത്ത വിധത്തില്‍ റോഡ് തകര്‍ന്നിരിക്കുന്നത്.
കേരളത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന ജില്ലയിലെ പ്രധാനപ്പെട്ട പാതകളിലൊന്നാണ് ഇത്. ഈ ദൂരത്തില്‍ തന്നെ മലങ്കരമുതില്‍ ചുള്ളിയോടു വരെയുള്ള ഭാഗത്ത് യാത്ര അതിദുഷ്‌കരമാണ്. ചെറിയ വാഹനങ്ങള്‍ കടന്നുപോകുന്നതിനടക്കം ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്.
കോളിയാടി മുതല്‍ മാടക്കര വരെയുള്ള ഭാഗത്ത് റോഡ് കടന്നുപോകുന്നത് വയലിനു നടുവിലൂടെയാണ്. താഴുന്നു കിടക്കുന്ന ഈഭാഗത്ത് മഴവെള്ളം ഒഴുകിപ്പോകുന്നതിന് ഇരുഭാഗത്തും ഓവുചാലില്ലാത്തതിനാല്‍ മഴപെയ്യുമ്പോഴും വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇവിടെ മഴവെള്ളം കുഴികളില്‍ കെട്ടികിടക്കുന്നതിനാല്‍ പാത അറിയാതെയെത്തുന്ന വാഹനങ്ങള്‍ കുഴികളില്‍പെട്ട് അപകടം സംഭവിക്കുന്നതും പതിവാണ്.
ഈ റൂട്ടിലൂടെ കെ.എസ്.ആര്‍.ടി.സി ബസുകളും നിരവധി സ്വകാര്യ ബസുകളും സര്‍വിസ് നടത്തുന്നുണ്ട്. മെറ്റലും സോളിങു ഇളകിമാറി വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട റോഡിലൂടെയാണ് സര്‍വിസ് നടത്തുന്നതെന്നതിനാല്‍ വാഹനങ്ങള്‍ക്ക് മെയിന്റനന്‍സ് കൂടുതലാണന്നും ഇപ്പോഴത്തെ ചെലവുവച്ച് കണക്കുകൂട്ടിയാല്‍ സര്‍വിസ് നടത്താന്‍ പറ്റാത്ത അവസ്ഥയിലാണെന്നുമാണ് ബസുടമകള്‍ പറയുന്നത്.
ബസുകള്‍ക്കു പുറമെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി ബത്തേരിയിലെ കോളജിലെത്താന്‍ ഈ പാതയാണ് ഏക ആശ്രയം.
ബത്തേരിയിലെ ആശുപത്രിയിലെത്തണമെങ്കിലും പ്രദേശത്തുകാര്‍ക്ക് പൊട്ടിപ്പൊളിഞ്ഞ ഈ പാതയെ ആശ്രയിക്കണം. ബത്തേരിയില്‍ നിന്നും മലങ്കര വരെയെത്തുന്ന ഭാഗം മൂന്നുകിലോമീറ്റര്‍ ദൂരം വീതികൂട്ടി ലവലൈസ് ചെയ്തതാണ്.
കൂടാതെ സംസ്ഥാനത്തെ അതിര്‍ത്തി കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് കടക്കുന്ന ഭാഗവും നല്ല റോഡാണ്. ഇതിനിടയിലുള്ള ഭാഗം മാത്രമാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്.
റോഡിന്റെ ശോചനീയാവസ്ഥയ്ക്കു പുറമെ മംഗലംകാര്‍പ്പ് മുതല്‍ ചുള്ളിയോട് വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന് ഇരുവശവും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സമീപത്തെ വീടുകള്‍ക്കും ഭീഷണിയായി വന്‍മരങ്ങളാണ് നില്‍ക്കുന്നത്. ഇതില്‍ കാലപ്പഴക്കത്താല്‍ ഉണങ്ങിയതും അടിഭാഗം ദ്രവിച്ചുനില്‍ക്കന്നതുമായ മരങ്ങളുമുണ്ട്. മഴക്കാലത്ത് മരത്തിന്റെ വന്‍ശിഖരങ്ങള്‍ പൊട്ടിറോഡിനു കുറുകെ വീഴലും പതിവാണ്.
അതേസമയം മലങ്കര നെല്ലിച്ചുവട് മുതല്‍ താളൂര്‍ വരെയുള്ള 8.2 കിലോമീറ്റര്‍വരുന്ന ദൂരം ടാറിങ് നടത്തുന്നതിനായി 2016-17 ബജറ്റില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും അടിയന്തരമായി റോഡ് കുഴികളടക്കുന്നതിനായി 49 ലക്ഷം രൂപ പാസായിട്ടുണ്ടന്നും ഇതിന്റെ ടെണ്ടര്‍ നടപടികളായിട്ടുണന്നും പി.ഡബ്ല്യു.ഡി അധികൃതര്‍ പറയുന്നത്.
കൂടാതെ ഈ ഭാഗം വീതികൂട്ടി ലവലൈസ്ഡ് ടാറിങ് നടത്തുന്നതിനായി 30 കോടിയുടെ എസ്റ്റിമേറ്റ് സര്‍ക്കാറിലേക്ക് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."