നായക മികവില്‍ പാകിസ്താന്‍: സെമി പോരാട്ടങ്ങള്‍ നാളെയും 15നും
കാര്‍ഡിഫ്: വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരേ മൂന്ന് വിക്കറ്റിന്റെ നിര്‍ണായക വിജയം പിടിച്ച് പാകിസ്താന്‍ ഐ.സി.സി ചാംപ്യന്‍സ് ട്രോഫിയുടെ സെമിയിലേക്ക് മുന്നേറി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 49.2 ഓവറില്‍ 236 റണ്‍സില്‍ ഒതുക്കിയ പാകിസ്താന്‍ 44.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. സെമിയില്‍ ഇന്ത്യ- ബംഗ്ലാദേശ്, ഇംഗ്ലണ്ട്- പാകിസ്താന്‍ മത്സരങ്ങള്‍ അരങ്ങേറും. ആദ്യ സെമി നാളെയും രണ്ടാം സെമി 15നും നടക്കും.
മികച്ച തുടക്കം കിട്ടിയ പാകിസ്താന്‍ പിന്നീട് കൂട്ടത്തകര്‍ച്ചയെ അഭിമുഖീകരിച്ചെങ്കിലും ആറാമനായി ക്രീസിലെത്തിയ നായകന്‍ സര്‍ഫ്രാസ് അഹമദിന്റെ സമയോചിതമായ ബാറ്റിങ് അവരുടെ രക്ഷക്കെത്തി. വാലറ്റത്തെ കൂട്ടുപിടിച്ച് സര്‍ഫ്രാസ് നടത്തിയ രക്ഷാപ്രവര്‍ത്തനം ശ്രീലങ്കയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. സര്‍ഫ്രാസ് 61 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപണര്‍മാരായ അസ്ഹര്‍ അലി (34), ഫഖര്‍ സമന്‍ (36 പന്തില്‍ 50) എന്നിവര്‍ മികച്ച തുടക്കമാണ് പാകിസ്താന് നല്‍കിയത്. എന്നാല്‍ പിന്നീട് അവര്‍ക്ക് കൃത്യമായ ഇടവേളയകളില്‍ വിക്കറ്റ് നഷ്ടമായി. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. പിന്നീട് ഫഹിം അഷ്‌റഫ് (15), മുഹമ്മദ് ആമിര്‍ (28) എന്നിവരെ കൂട്ടുപിടിച്ച് നായകന്‍ പാകിസ്താനെ വിജയ തീരത്തെത്തിക്കുകയായിരുന്നു. പ്രദീപ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ലങ്കയെ വിജയ വഴിയിലെത്തിച്ചെങ്കിലും മറ്റുള്ളവര്‍ക്ക് പാക് ബാറ്റിങില്‍ വിള്ളലുണ്ടാക്കാന്‍ സാധിക്കാതെ പോയി.
നേരത്തെ ടോസ് നേടി പാകിസ്താന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡിക്ക്‌വെല്ല (73), കുശാല്‍ മെന്‍ഡിസ് (27), മാത്യൂസ് (39), ഗുണരത്‌നെ (27), ലക്മല്‍ (26) എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് ലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കൃത്യതയോടെ പന്തെറിയുന്നതില്‍ പാക് ബൗളര്‍മാര്‍ വിജയിച്ചു. ജുനൈദ് ഖാന്‍, ഹസന്‍ അലി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും മുഹമദ് ആമിര്‍, ഫഹിം അഷ്‌റഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."