മണിചെയിന്‍ തട്ടിപ്പുകളുടെ സൂത്രധാരര്‍ മലയാളികള്‍ തന്നെ
നിക്ഷേപകരുടെ സമ്മര്‍ദം താങ്ങാനാകാതെ തട്ടിപ്പുകമ്പനിയുടെ വനിതാ ലീഡര്‍ ആത്മഹത്യക്ക് ശ്രമിച്ചു
പാലക്കാട്: തമിഴ്‌നാട് കേന്ദ്രമാക്കി പല പേരുകളിലും രൂപങ്ങളിലും മുളച്ചുപൊന്തിയ മണിചെയിന്‍ തട്ടിപ്പുകമ്പനികള്‍ ഓരോന്നായി മുങ്ങുന്നതിനിടെ, ഇത്തരം സ്ഥാപനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് മലയാളികള്‍ തന്നെയെന്ന് സുപ്രഭാതത്തിന് വിവരം ലഭിച്ചു. നിക്ഷേപകരെ കബളിപ്പിച്ച് 500 കോടി രൂപ തട്ടിയ പൊള്ളാച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജെന്‍ ടു ജെന്‍ ട്രെന്റ് എന്റര്‍പ്രൈസസ്, ജെന്‍ ട്രെന്റ് ട്രെഡേഴ്‌സ് ആന്‍ഡ് സര്‍വിസസ് എന്നീ സ്ഥാപനങ്ങളുടെ ബിസിനസ് ലീഡര്‍, മണ്ണാര്‍ക്കാട് സ്വദേശിനി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് മണിചെയിന്‍ സ്ഥാപനങ്ങളുടെ മലയാളി ബന്ധം വ്യക്തമായത്. മണ്ണാര്‍ക്കാട് സ്വദേശിനി കമ്പനിയില്‍ നിക്ഷേപിച്ചതിന് പുറമെ സുഹൃത്തുക്കളെക്കൊണ്ട് നിക്ഷേപമെടുപ്പിക്കുകയും ചെയ്തിരുന്നു.
പത്തുലക്ഷം രൂപയാണ് ഇവരും സുഹൃത്തുക്കളും കമ്പനിയില്‍ നിക്ഷേപിച്ചിരുന്നത്. നിക്ഷേപകര്‍ പണം തിരികെ ചോദിച്ച് സമ്മര്‍ദത്തിലാക്കിയതിനെ തുടര്‍ന്ന് യുവതി ജെന്‍ ടു ജെന്‍ ഉടമയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴൊക്കെ പലകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ജെന്‍ ടു ജെന്‍ നിക്ഷേപകരുടെ വാട്‌സ്ആപ് കൂട്ടായ്മയില്‍ ശബ്ദസന്ദേശം നല്‍കി കഴിഞ്ഞ മാസം 29ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നത്. ഇവര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കമ്പനി പ്രതിനിധികള്‍ ആശുപത്രിയിലെത്തി 80,000 രൂപ അടിയന്തരമായി ഇവര്‍ക്ക് നല്‍കുകയും ബാക്കി തുകക്ക് തിയതി പറയുകയുമാണുണ്ടായത്. ആശുപത്രിയില്‍ ചികിത്സിച്ച ഡോക്ടര്‍ ആത്മഹത്യാശ്രമത്തെക്കുറിച്ച് പൊലിസിന് റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇത് ഒഴിവാക്കാന്‍ കമ്പനി പ്രതിനിധികള്‍ പ്രവര്‍ത്തിച്ചുവെന്നും യുവതി സുപ്രഭാതത്തോട് പറഞ്ഞു.
കമ്പനി എം.ഡി സജീവ് കരുണിന്റെ ഭാര്യ നിര്‍മിച്ച സിനിമ ഡിസംബറില്‍ റിലീസ് ചെയ്യുമെന്നും അത് ഹിറ്റ് ആയാല്‍ നിക്ഷേപകര്‍ക്ക് പണം നല്‍കുമെന്നുമാണ് കമ്പനി പ്രതിനിധികള്‍ നിക്ഷേപകരോട് പറയുന്നത്. റഷീദ്, വേണുഗോപാല്‍, സുനിലീധരന്‍, മോഹനന്‍ മാസ്റ്റര്‍, നൗഷാദ്, മുസ്തഫ, അബ്ബാസ്, ഷക്കീര്‍ എന്നിവരാണ് ജെന്‍ ടു ജെന്‍ കമ്പനിയുടെ ഡയരക്ടര്‍ബോര്‍ഡ് അംഗങ്ങള്‍. ഇവരെല്ലാം മലയാളികളാണെങ്കിലും തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ് കമ്പനിയുടെ ഹെഡ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തില്‍ എവിടെയും ഈ സ്ഥാപനത്തിന് ഓഫിസ് ഇല്ല. ഇതിനിടെ ജനങ്ങളില്‍നിന്ന് സ്വരൂപിച്ച തുക വിദേശത്തേക്ക് കടത്തിയെന്നും നിക്ഷേപകര്‍ പറയുന്നു. ഇത്തരത്തില്‍ നേരത്തെ നിക്ഷേപകരെ കബളിപ്പിച്ച ഡി.എം.ജി, വി.വി ട്രെഡേഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കു പിന്നിലും മലയാളി കരങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."