വെറ്റില കൃഷിയില്‍ പുതിയ പരീക്ഷണവുമായി അരവിന്ദന്
വടുതല: വെറ്റിലകളില്‍ രോഗം പടര്‍ന്ന് പടിക്കുന്നുവെന്ന പരാതിക്ക് പരിഹാരവുമായി വെറ്റിലകൃഷിയില്‍ പുതിയ പരീക്ഷണം നടത്തി പുതുചരിത്രം കുറിക്കുകയാണ് പെരുമ്പളം ദ്വീപിലെ വാത്തിപ്പറമ്പില് അരവിന്ദന്. വീട്ടുമുറ്റത്ത് വെറ്റിലകൃഷിയില്‍ പരീക്ഷണം നടത്തി ശ്രദ്ധേയനായ അരവിന്ദന്റെ വീട്ടില്‍ ഒട്ടേറെ കര്‍ഷകര്‍ എത്തുന്നുണ്ട്. വീട്ടുമുറ്റത്തെ വെറ്റിലക്കൃഷി കുറ്റികുരുമുളക് ചെടിയാണെന്നേ തോന്നുകയുള്ളൂ. എന്നാല്‍ ഇവ ജൈവരീതിയില്‍ വളര്‍ത്തിയെടുത്ത വെറ്റിലത്തൈകളാണ്. ഒരു ചുവടില്‍ നിന്ന് ആഴ്ചയില്‍ 100 മുതല്‍ 200 വരെ വെറ്റിലകള്‍ ലഭിക്കും.
പറമ്പിലുണ്ടായിരുന്ന വെറ്റില വള്ളിയില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് ഒരു വെറ്റില കമ്പ് മുറിച്ചെടുത്ത് ചട്ടിയില്‍ കരിയിലയും, ചാണകവും നിറച്ച് അതിനുമീതെ മണലുമിട്ട് നട്ടു. ചെടി വളര്‍ന്നപ്പോള്‍ ശ്രദ്ധേയോടെയുള്ള പരിപാലനവും കുടിയായപ്പോള്‍ അരവിന്ദന്റെ വീടിന് ചുറ്റും വെറ്റിലച്ചെടികള്‍ നിറഞ്ഞു. മാസത്തിലൊരിക്കല്‍ രണ്ട് സ്പൂണ്‍ കുമ്മായം കലക്കി ഒഴിക്കും. 15 ദിവസം കുടുമ്പോള്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒഴിക്കുകയും ചെയ്യും. നാലാമത്തെ മാസം മുതല്‍ ഓരോ ആഴ്ചയിലും വെറ്റില നുള്ളിയെടുക്കാന്‍ സാധിക്കും. ഇതിലൂടെ പുതിയ കൃഷിരീതിയാണ് അരവിന്ദന് ആവിഷ്ക്കരിച്ചത്. കൃഷിവകുപ്പിന്റെ സഹായവും ലഭിക്കുന്നുണ്ട്.
മറ്റ് ഇടങ്ങളിലും ഈ കൃഷിരീതി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍. സ്വന്തമായുള്ള രണ്ട് ഏക്കര്‍ കൃഷിഭൂമിയില്‍ ഓരേക്കറില്‍ നെല്ലിനു പുറമെ തെങ്ങ്, വാഴ, മരച്ചീനി, കവുങ്ങ്, പച്ചക്കറികള്‍ എന്നിവയും അരവിന്ദന് കൃഷിചെയുന്നു. പരമ്പരാഗതമായി ചെയ്യുന്ന തവളക്കണന്, മുണ്ടകന്‍, ആതിര, ജയ എന്നിവയാണ് നെല്‍കൃഷിക്കായി ഉപയോഗിക്കുന്ന വിത്തിനങ്ങള്‍.
വീടിന് സമീപമുള്ള കുളത്തില്‍ കരിമീന്‍, രോഹു, കട്ല, എന്നീ മത്സ്യങ്ങളും വളരുന്നു. കൃഷിവകുപ്പിന്റെ മാതൃകാ കര്ഷകന്, സമ്മിശ്ര കര്ഷകന് എന്നീ അവാര്‍ഡുകള്‍ അരവിന്ദന് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."