സാമൂഹിക മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകള്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ക്കെതിരേയും രാജ്യസുരക്ഷയ്ക്കും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കാരണമാവുന്ന സന്ദേശങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് സാമൂഹിക മാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗൂഗിള്‍, ട്വിറ്റര്‍, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ പ്രതിനിധികളുമായി ആഭ്യന്തരമന്ത്രാലയം നടത്തിയ യോഗത്തിലാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയത്. സമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ രാജ്യത്ത് സമീപകാലത്ത് വ്യാപകമാവുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ യോഗം വിളിച്ചത്.
സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും കലാപാഹ്വാനങ്ങള്‍ പ്രചരിപ്പിക്കലും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും വര്‍ധിക്കുകയാണ്. എന്നാല്‍, ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ കമ്പനികള്‍ തയ്യാറാവുന്നില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറാനാവശ്യമായ സംവിധാനം തയ്യാറാക്കാനും സര്‍ക്കാര്‍ യോഗത്തില്‍ കമ്പനി പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേയുള്ള നിയമനടപടികളുമായി സഹകരിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു. ഗൂഗിള്‍, യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഇവര്‍ക്ക് പുറമേ കേന്ദ്ര ടെലികോം മന്ത്രാലയത്തിലെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."