നിയമലംഘനം നടത്തിയാല്‍ ആദ്യ തവണ മാത്രം കുറഞ്ഞ പിഴ: പിഴ കുറയ്ക്കാനുള്ള കരട് തയ്യാറായി
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്ന പിഴയില്‍ ഇളവു വരുത്തി ജനരോക്ഷം തണുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഉടക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഇപ്പോഴുള്ള കനത്ത പിഴയില്‍ ഇളവു വരുത്താമെന്നും എന്നാല്‍ വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴ തന്നെ ഈടാക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ പഴയതു പോലെ പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതികള്‍ പുനഃസ്ഥാപിക്കണമെന്നും വകുപ്പ് ശുപാര്‍ശ ചെയ്തു.
പിടിക്കപ്പെടുന്നതില്‍ പകുതിപേരും പിഴ അടയ്ക്കാത്ത സാഹചര്യത്തിലാണിത്. ഉയര്‍ന്ന പിഴത്തുക പകുതിയാക്കി കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പിഴ കുറയ്ക്കുന്നതിനുള്ള വിജ്ഞാപനത്തിന്റ കരടിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശങ്ങള്‍. ഒരേ കുറ്റം എത്രതവണ ആവര്‍ത്തിച്ചാലും ഒരേ തുകയായിരുന്നു ഇതുവരെ പിഴ. ഉയര്‍ന്ന പിഴത്തുക പകുതിയാക്കുന്നതോടെ ഈ രീതിക്കു മാറ്റം വരുത്തണം. ആദ്യതവണയേ കുറഞ്ഞ പിഴത്തുകയുള്ളൂ. ആവര്‍ത്തിച്ചാല്‍ പുതിയ ഭേദഗതി നിയമത്തിലെ ഏറ്റവും ഉയര്‍ന്ന തുക തന്നെ അടയ്ക്കണം. അതായത് ഹെല്‍മറ്റ് ധരിക്കാത്തതിന് ആദ്യം പിടിച്ചാല്‍ 500 രൂപ, വീണ്ടും പിടിച്ചാല്‍ 1,000 രൂപയുമായിരിക്കും പിഴ.
ഇന്‍ഡിക്കേറ്റര്‍ ഇടാതിരിക്കുന്നത് ഉള്‍പ്പെടെ ചെറിയ പിഴവുകള്‍, കണ്ടക്ടര്‍മാര്‍ ടിക്കറ്റ് നല്‍കാതിരിക്കുക, ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം, ശാരീരിക അവശതകള്‍ക്കിടെയുള്ള ഡ്രൈവിങ്, അന്തരീക്ഷ മലിനീകരണം എന്നിവയില്‍ മിനിമം ഇത്ര മുതല്‍ പരമാവധി ഇത്രവരെ എന്നു പറയുന്ന പിഴത്തുക കുറയ്ക്കുന്നതില്‍ തടസമില്ല.
മറ്റുള്ളവയില്‍ നിശ്ചിതതുക തന്നെ ഈടാക്കണം. ഇതുകുറച്ചാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. ഉയര്‍ന്നപിഴ ഈടാക്കിയ അഞ്ചുദിവസം സംസ്ഥാനത്ത് 1,758 കേസുകള്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും പകുതി പേരെ പണം അടച്ചുള്ളൂ. ബാക്കിയുള്ളവര്‍ കോടതിയില്‍ അടച്ചോളാമെന്നു പറഞ്ഞു തടിയൂരി. കോടതിയില്‍ പോയാല്‍ മാസങ്ങളും വര്‍ഷങ്ങളും എടുക്കുമെന്നിരിക്കെ മൊബൈല്‍ കോടതി സ്ഥാപിച്ചാല്‍ വേഗം കേസുകള്‍ തീര്‍ക്കാം. അതുകൊണ്ടാണ് എല്ലാ ജില്ലകളിലും മൊബൈല്‍ കോടതി പുനഃസ്ഥാപിക്കണമെന്ന് വകുപ്പ് ആവശ്യപ്പെടുന്നത്. മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനു നല്‍കിയ കരടില്‍ നാളെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ചര്‍ച്ച ചെയ്തതിനു ശേഷം മുഖ്യമന്ത്രി നിയമോപദേശം തേടും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത മന്ത്രിസഭാ യോഗമായിരിക്കും മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ ശുപാര്‍ശ അതേപടി നടപ്പാക്കി വിജ്ഞാപനം ഇറക്കണോ എന്നു തീരുമാനിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."