ഐക്യം ആദ്യം സി.ബി.ഐയില്‍ കൊണ്ടുവരൂ; മോദിയെ പരിഹസിച്ച് ശങ്കര്‍ സിങ് വഗേല
ഗാന്ധിനഗര്‍: കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സര്‍ദാര്‍ പട്ടേല്‍ പ്രതിമയുടെ നിര്‍മാണത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേല.
പട്ടേലിന്റെ പ്രതിമ ഐക്യത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ആദ്യം സി.ബി.ഐയിലും ആര്.ബി.ഐയിലും ഐക്യമുണ്ടാക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കി. മോദിയുടെ പ്രവര്‍ത്തനങ്ങള്‍ മാര്‍ക്കറ്റിങ് തന്ത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
182 അടിയില്‍ ഗുജറാത്തില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ ഐക്യത്തിന്റെ പ്രതിമയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനമായ ഇന്ന് നരേന്ദ്ര മോദി പ്രതിമ അനാച്ഛാദനം ചെയ്യും. രാജ്യത്തെ പരമോന്നത സ്ഥാപനങ്ങളായ സി.ബി.ഐയും ആര്.ബി.ഐയും വലിയ പ്രതിസന്ധിയിലാണ്. ഇത് പരിഹരിക്കാനാണ് മോദി ആദ്യം ശ്രമിക്കേണ്ടത്.
അതിനുശേഷം മതി ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും ഇന്നലെ ഗാന്ധിനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുന്‍ ബി.ജെ.പി നേതാവുകൂടിയായ വഗേല ചോദിച്ചു.
രൂപയുടെ മൂല്യത്തകര്‍ച്ച, ഇന്ധന വിലക്കയറ്റം എന്നീ പ്രശ്നങ്ങളെക്കുറിച്ച് ഒരക്ഷരം സംസാരിക്കാന്‍ മോദി തയാറാകുന്നില്ല. ജനങ്ങളെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ മോദി ആദ്യം ചെയ്യേണ്ടത്. പട്ടേല്‍ സമുദായ സംവരണത്തിന് സമരം ചെയ്യുന്ന ഹാര്‍ദിക് പട്ടേലിനൊപ്പമുള്ള അല്‍പേഷ് കാത്രിയയെ ജയിലിലടച്ച ശേഷമാണ് സര്‍ദാര്‍ പട്ടേലിനെക്കുറിച്ച് പൊങ്ങച്ചം പറയുന്നത്. 3000 കോടി രൂപ ചിലവഴിച്ചാണ് പ്രതിമ സ്ഥാപിച്ചത്.
ഇത് ദേശീയ നഷ്ടമാണ്. ഇതൊക്കെ പൊതുജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ്. ഗുജറാത്ത് സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ 2,50,000 കോടിയുടെ കടത്തിലാണ്. നേരത്തെയൊന്നും സര്‍ദാര്‍ പട്ടേലിനെക്കുറിച്ച് സംസാരിക്കാതിരുന്ന മോദി, ഇപ്പോള്‍ അദ്ദേഹത്തോട് സ്നേഹം തോന്നാന്‍ കാരണമെന്താണെന്നും വഗേല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."