ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്, ഇനി അങ്കം നാട്ടില്‍
ധര്‍മശാല: അമേരിക്കയിലും കാരിബിയന്‍ മണ്ണിലും ഉല്ലസിച്ച് വെസ്റ്റ് ഇന്‍ഡീസിനെ കെട്ടുകെട്ടിച്ച ഇന്ത്യ ലോകകപ്പിന് ശേഷം ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ കുട്ടിക്രിക്കറ്റില്‍ വീറ് കാട്ടാനൊരുങ്ങുന്നു. എതിരാളി മറ്റാരുമല്ല, 13 വര്‍ഷത്തോളമായി ടി20യില്‍ കൊമ്പുകോര്‍ക്കുന്ന പ്രോട്ടിയന്‍സ് എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്ക.
മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയുടെ ആദ്യ മത്സരം ഇന്ന് ധര്‍മശാലയില്‍ രാത്രി 7.00നാണ് അരങ്ങേറുന്നത്. ജയത്തോടെ പരമ്പരയ്ക്കു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുടീമുകളും ഇറങ്ങുക. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റിലും പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യയെങ്കില്‍ ലോകകപ്പിലെ ദുരന്തത്തിനു ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ് പുതിയ നായകന്റെയും ടീം മാനേജ്‌മെന്റിന്റേയും കീഴില്‍ ദക്ഷിണാഫ്രിക്ക.
വരാനിരിക്കുന്നത്
ലോകകപ്പ്
ഏകദിന ലോകകപ്പിന് ശേഷം ടി20 എന്ന മറ്റൊരു ലോകകപ്പ് ആസ്‌ത്രേലിയയില്‍ കാത്തിരിക്കുന്നുണ്ടെന്നതിനാല്‍ ഇരുടീമും ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിറങ്ങുന്നത്. ടി20 ലോകകപ്പിന്റെ മുന്നൊരുക്കമെന്നോണം യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമ്പോള്‍ കിട്ടിയ പിടിവള്ളി കൈവിടാതെ സൂക്ഷിക്കാനാവും ഇവരുടെ ശ്രമം. അങ്ങനെയെങ്കില്‍ ടി20 യഥാര്‍ത്ഥത്തില്‍ പൊടിപൂരമാവും. ഇരുടീമും ലോകകപ്പില്‍ സ്ഥാനം കണ്ടെത്താനായി യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ട്.
ഇന്ത്യയുടെ ബൗളിങ് ത്രയങ്ങളായ ബുംറ, ഭുവനേശ്വര്‍, ഷാമി എന്നിവരെ പുറത്തിരുത്തി പുത്തന്‍ത്രയങ്ങളായ നവ്ദീപ് സൈനി, ഖലീല്‍ അഹമദ്, രാഹുല്‍ ചഹര്‍ എന്നിവരെ കൊണ്ടുവരുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്‌നിരയെ എറിഞ്ഞിടുമോ എന്ന് കണ്ടുതന്നെ അറിയണം.
അതേസമയം, കോഹ്‌ലി, രോഹിത്, ധവാന്‍ എന്നീ സീനിയര്‍ താരങ്ങള്‍ ബാറ്റിങില്‍ ഇടം പിടിച്ചതിനാല്‍ അവരെ വീഴ്ത്താന്‍ യുവതാരപ്രഭയുള്ള പ്രോട്ടിയന്‍സിന് ഇത്തിരി വിയര്‍ക്കേണ്ടി വരും. ഇവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യക്കായി ബാറ്റിങിനിറങ്ങും. അതേസമയം, നാലാമനായി മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍ എന്നിവരില്‍ ആരെ ഉള്‍പ്പെടുത്തും എന്നതിലായിരിക്കും സെലക്ടര്‍മാരുടെ ആശങ്ക. ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചപ്പോഴെല്ലാം നിരാശ സമ്മാനിച്ച മനീഷ് പാണ്ഡെയ്ക്ക് പകരം വിന്‍ഡീസിനെതിരേ അവസരം നല്‍കിയപ്പോള്‍ തിളങ്ങിയ അയ്യറിന് നറുക്കുവിഴാനാണ് സാധ്യത. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും സ്ഥാനം ലഭിക്കും. പരുക്ക് ഭേദമായ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ നേരിട്ട് പ്ലെയിങ് ഇലവനിലെത്തും. ക്രുണാല്‍ പാണ്ഡ്യയാവും ടീമിലെ ഏക സ്പിന്നര്‍.
ഡു പ്ലെസിസില്‍നിന്നും നായകസ്ഥാനമേറ്റെടുത്ത ക്വിന്റണ്‍ ഡി കോക്കിന്റെ താരനിര അടിമുടി മാറ്റത്തോടെയാണ് ഇറങ്ങുന്നത്. ഹാഷിം അംലയും ഡു പ്ലെസിസും ഇല്ലാതെ പോരാട്ടത്തിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഐ.പി.എല്‍ വെടിക്കെട്ട് വീരന്‍ ഡേവിഡ് മില്ലര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ടെംബ ബാവുമയും ടീമിനൊപ്പമുണ്ട്. എറിഞ്ഞിടാന്‍ കഗീസോ റബാദ കൂടി വരുമ്പോള്‍ ഇന്ത്യ കരുതി തന്നെ ഇരിക്കും. ഇന്ത്യ എയ്‌ക്കെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തത്തോടെയാണ് റീസ ഹെന്‍ഡ്രിക്‌സും ആന്റിച്ച് നോര്‍ദെയും ബ്യൂറന്‍ ഹെന്‍ഡ്രിക്‌സും ദേശീയ താരങ്ങള്‍ക്കെതിരേ പാഡണിയുന്നത്.
ബൗളിങിന് പറ്റിയ പിച്ചാണെങ്കിലും ടി20 മുന്നില്‍ കണ്ട് ബാറ്റിങിന് അനുകൂലമായ പിച്ചാണ് മത്സരത്തിനു വേണ്ടി ധര്‍മശാലയില്‍ തയാറാക്കിയിരിക്കുന്നത്. മഞ്ഞുവീഴ്ച മത്സരത്തില്‍ നിര്‍ണായക പങ്കു വഹിക്കാനിടയുള്ളതിനാലും കാലാവസ്ഥ പ്രതികൂലമായതിനാലും ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍ ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.
കളി പുരോഗമിക്കുന്തോറും പിച്ച് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമായി മാറിയേക്കും. കഴിഞ്ഞ വര്‍ഷം ഇതേ ഗ്രൗണ്ടില്‍ നടന്ന ടി20യില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. അവസാനമായി ഇരുവരും മുഖാമുഖമെത്തിയ അഞ്ചു മത്സരങ്ങളില്‍ ഇരു ടീമും രണ്ട് വീതം ജയം നേടിയപ്പോള്‍ ഒരു മത്സരം സമനിലയിലും അവസാനിച്ചു.
ടി20യിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കു തന്നെയാണ് നേരിയ മുന്‍തൂക്കം. 13 ടി20 മത്സരങ്ങളിലാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. ഇവയില്‍ എട്ടെണ്ണത്തില്‍ ഇന്ത്യക്കായിരുന്നു വിജയം. അഞ്ചു മത്സരങ്ങളിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാനായത്.
സ്‌ക്വാഡ്:
ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഖലീല്‍ അഹ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സെയ്‌നി.
ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്(ക്യാപ്റ്റന്‍), റാസ്സി വാന്‍ഡെര്‍ ദുസന്‍, ടെംബ ബാവുമ, ജൂനിയര്‍ ഡാല, ബ്രോറന്‍ ഫോര്‍ട്ടിന്‍, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, റീസ ഹെന്‍ഡ്രിക്‌സ്, ഡേവിഡ് മില്ലര്‍, ആന്‍ റിച്ച് നോര്‍ദെ, ആന്‍ഡേല്‍ പെഹ്‌ലുക്കായോ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കഗീസോ റബാദ, തബ്രൈസ് ഷംസി, ജോര്‍ജ് ലിന്‍ഡെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."