സുപ്രധാന പാര്‍ലമെന്ററി പാര്‍ട്ടി നേതൃപദവികളില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത്
ന്യൂഡല്‍ഹി: കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് പ്രതിപക്ഷ നേതാക്കളെ അധ്യക്ഷ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കി സുപ്രധാന പാര്‍ലമെന്ററി സമിതികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. ധനകാര്യം, വിദേശകാര്യം എന്നീ പ്രധാന സമിതികളുടെ അധ്യക്ഷ പദവികള്‍ കോണ്‍ഗ്രസിന് നഷ്ടമായപ്പോള്‍ ആഭ്യന്തരകാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷ പദവി കോണ്‍ഗ്രസിന് ലഭിച്ചു. ഒന്നാം മോദി സര്‍ക്കാരില്‍ മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.ചിദംബരം ആയിരുന്നു സമിതിയുടെ നേതൃത്വത്തില്‍. എന്നാല്‍, രാജ്യസഭാ ഉപാധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മയാണ് ആഭ്യന്തരകാര്യ പാര്‍ലമെന്ററി സമിതിയുടെ പുതിയ അധ്യക്ഷന്‍. ഐ.എന്‍.എസ് മീഡിയ കേസില്‍ ചിദംബരം ജയിലില്‍ കഴിയുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ സമിതിയുടെ നേതൃത്വത്തില്‍ നിന്ന് നീക്കിയത്.
അതേസമയം, സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ ഡോ.മന്‍മോഹന്‍ സിങ്ങിനെ മാറ്റിയാണ് ധനകാര്യം സംബന്ധിച്ച പാര്‍ലമെന്ററി സമിതി പുനഃസംഘടിപ്പിച്ചത്. ഒന്നാം മോദി സര്‍ക്കാരിലെ ധനകാര്യ പാര്‍ലമെന്ററി സമിതിയില്‍ മന്‍മോഹന്‍ സിങ്ങും അംഗമായിരുന്നു. വിമത ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ മകനായ ജയന്ത് സിന്‍ഹയാണ് ഈ സമിതിയുടെ അധ്യക്ഷന്‍. നേരത്തെ ഈ സ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലിയായിരുന്നു. മനീഷ് തിവാരി, ദിഗ്വിജയ് സിങ്, അംബികാ സോണി (എല്ലാവരും കോണ്‍ഗ്രസ്), സുഗതാ റോയ് (തൃണമൂല്‍), പിനകി മിശ്ര (ബി.ജെ.ഡി) എന്നീ പ്രബലരാണ് ധനകാര്യം സംബന്ധിച്ച സമിതിയിലുള്ളത്.
രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പി പി.പി ചൗധരിയാണ് വിദേശകാര്യ സമിതിയുടെ തലവന്‍. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ വിദേശകാര്യസഹമന്ത്രിയായിരുന്ന ഡോ.ശശി തരൂര്‍ ആയിരുന്നു ഒന്നാം മോദി സര്‍ക്കാരില്‍ ഈ സമിതിയുടെ അധ്യക്ഷന്‍. എന്നാല്‍, ഇത്തവണയും തിരുവനന്തപുരം സീറ്റ് നിലനിര്‍ത്തിയെങ്കിലും സമിതിയുടെ അധ്യക്ഷ പദവി അദ്ദേഹത്തിന് ലഭിച്ചില്ല. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നേരത്തെയുണ്ടായിരുന്ന വിദേശകാര്യത്തില്‍ നിന്ന് പ്രതിരോധകാര്യ സമിതിയിലേക്കു മാറ്റുകയും ചെയ്തു. ജുവല്‍ ഓറം ആണ് പ്രതിരോധ സമിതിയുടെ തലവന്‍.
ഗതാഗത, വിനോദ, സാംസ്‌കാരിക കാര്യങ്ങള്‍ സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷ പദവിയില്‍ നിന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രെയ്‌ന് പകരം അടുത്തിടെ ബി.ജെ.പിയിലെത്തിയ ടി.ഡി.പി നേതാവ് ടി.ജി വെങ്കടേശിനെ നിയമിച്ചു. ബി.ജെ.പി അംഗം സത്യനാരായണ്‍ ജാഠിയ അധ്യക്ഷനായ മാനവവിഭവശേഷി സമിതിയില്‍ അംഗമാണ് ഇപ്പോള്‍ ഒബ്രെയ്ന്‍. പ്രതിരോധസമിതിയില്‍ കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് സിങ്‌വിയും റെയില്‍വേ സമിതിയില്‍ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയും ഗ്രാമീണവികസനം സംബന്ധിച്ച സമിതിയില്‍ മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറും ഉള്‍പ്പെടുന്നു.
ആകെ 24 സമിതികളാണുള്ളത്. ഇതില്‍ 13 ന്റെ അധ്യക്ഷ പദവികളും നിലവില്‍ ബി.ജെ.പിക്കാണ്. മൂന്ന് അധ്യക്ഷ പദവികള്‍ കോണ്‍ഗ്രസിന് ലഭിച്ചു. നേരത്തെ വിവിധ സമിതികളില്‍ അംഗമായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിലവില്‍ ഒരു സമിതിയുടെയും ഭാഗമല്ല. വെള്ളിയാഴ്ച രാത്രിയോടെയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുതിയ സമിതി പുനഃസംഘടിപ്പിച്ച വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം ലോക്‌സഭാ സ്പീക്കറും രാജ്യസഭാ അധ്യക്ഷനുമാണ് പാര്‍ലമെന്ററി സമിതിയംഗങ്ങളെ നിയമിക്കാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."