ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി
കൊല്ലം: പരവൂര്‍ തെക്കുംഭാഗം കടല്‍തീരത്ത് മൃതദേഹാവശിഷ്ടം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചനിലയില്‍. തെക്കുംഭാഗം പുത്തന്‍പള്ളിക്ക് പിന്നിലായുള്ള കടല്‍ത്തീരത്താണ് അഴുകിയ മൃതദേഹ അവശിഷ്ടം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ സ്ത്രീയുടെ മൃതദേഹമാണെന്ന അഭ്യൂഹം പരന്നിരുന്നു.
പിന്നീട് പൊലിസിന്റെ ശാസ്ത്രീയ നീക്കങ്ങളുടേയും സി.സി.ടി.വി കാമറകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ 2003ല്‍ ഗള്‍ഫില്‍ മരിച്ചയാളുടെ മൃതദേഹമാണെന്ന് കണ്ടെത്തുകയായിരുന്നു. കൊല്ലം കരിക്കോട് പേരൂര്‍ മേലേവിള പുത്തന്‍വീട്ടില്‍ സോമന്റെ മകന് സുരലാലി(43)ന്റെ മൃതദേഹമാണ് ചാക്കില്‍ കെട്ടി കടലില്‍ ഉപേക്ഷിച്ചതെന്ന് വൈകിട്ടോടെയാണ് വ്യക്തമായത്.
ആറുമാസത്തിനു മുന്‍പ് മരണം സംഭവിച്ച സ്ത്രീയുടെ മൃതദേഹമാണെന്ന നിലയിലായിരുന്നു രാവിലെ മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. സംഭവത്തില്‍ സുരലാലിന്റെ സഹോദരങ്ങള്‍ അടക്കം നാലു പേരുടെ പേരില്‍ പരവൂര്‍ പൊലിസ് കേസെടുത്തു. കുവൈറ്റില്വച്ച് മരിച്ച സുരലാലിന്റെ മൃതദേഹം എംബാം ചെയ്ത് നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ അടക്കം ചെയ്തിരുന്നു. കഴിഞ്ഞദിവസം ഈ ഭാഗത്ത് വീടുപ്പണിക്കായി കുഴിയെടുത്തപ്പോള്‍ എംബാം ചെയ്തതായതിനാല്‍ അഴുകാത്തനിലയില് മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് സഹോദരങ്ങള്‍ പുറത്തെടുത്ത് കടലിലൊഴുക്കുകയായിരുന്നെന്നാണ് പൊലിസ് പറയുന്നത്. സുരലാലിന്റേതാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഡി.എന്‍.എ പരിശോധന നടത്തുമെന്നും പൊലിസ് പറഞ്ഞു. ഇതിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."