ചെക്ക് കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ല: തുഷാര്‍ വെള്ളാപ്പള്ളി
കൊച്ചി: തനിക്കെതിരായ ചെക്ക് കേസിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ദുബൈയില്‍ നിന്ന് ആലുവയിലെത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍.
സി.പി.എം ഗൂഢാലോചനയുണ്ടെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ അഭിപ്രായം ശരിയല്ല. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും സഹായിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് കത്തുനല്‍കിയിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, യൂസഫലി, മാതാ അമൃതാനന്ദമയി, പ്രവാസി സംഘടനകള്‍ എന്നിവരുടെയെല്ലാം സഹായം ലഭിച്ചു.
വ്യാജ ചെക്ക് കേസില്‍പ്പെടുത്തിയവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും. പണം തട്ടിയെടുക്കുന്നതിനാണ് മലയാളിയായ നാസില്‍ അബ്ദുല്ലയും സംഘവും ദുബൈയില്‍ വ്യാജ ചെക്ക് കേസ് നല്‍കിയത്.
സത്യം കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് വേഗത്തില്‍ കുറ്റവിമുക്തനാകാനായത്. തനിക്കൊപ്പം നേരത്തെ ഉണ്ടായിരുന്നവരുടെ സഹായത്തോടെയാണ് നാസില്‍ കെണിയൊരുക്കിയത്. ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിന് അഭിഭാഷകന് പവര്‍ ഓഫ് അറ്റോണി നല്‍കിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി അടുത്ത ദിവസം വീണ്ടും ദുബൈയില്‍ പോകും.
സത്യം പുറത്തായപ്പോള്‍ ഒരു ചാനല്‍ വ്യാജ കേസിന്റെ മറവില്‍ ജാതീയമായി വേര്‍തിരിവുണ്ടാക്കാനും ശ്രമിച്ചു.
കോടതി കുറ്റവിമുക്തനാക്കിയിട്ടും തനിക്കെതിരേ വ്യാജ പ്രചരണം നടത്തുകയാണ്. കള്ളരേഖയുണ്ടാക്കിയതിന് കുറഞ്ഞത് 10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. നാസില്‍ സത്യം വെളിപ്പെടുത്തിയാല്‍ കേസില്‍ നിന്ന് പിന്‍വാങ്ങുമെന്നും തുഷാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."