സംവരണ സീറ്റ്: റവന്യൂവകുപ്പിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ സംവരണ സീറ്റുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് റവന്യൂ വകുപ്പ്‌നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. മത, സാമുദായിയ സംഘടനകളുടെ നേതാക്കളോ അധികാരികളോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി.
സമുദായങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രവേശനംനേടിയ വിദ്യാര്‍ഥികള്‍ എത്രയുംപെട്ടെന്ന് റവന്യൂ അധികാരികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിനുള്ള സമയപരിധി അതാത് കോളജുകള്‍ക്ക് തീരുമാനിക്കാവുന്നതാണ്. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളജുകളില്‍ വികാരി ഉള്‍പ്പെടെയുള്ളവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മതിയായിരുന്നു. മുസ്്‌ലിം മാനേജ്‌മെന്റുകള്‍ ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചിരുന്നില്ല. ഇതു വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളും കരുണ മെഡിക്കല്‍ കോളജും ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജും സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവിട്ടത്. സംവരണ സീറ്റുകളില്‍ ഉപവിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ മാനേജ്മന്റുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. കമ്മ്യൂണിറ്റി ക്വാട്ടകളില്‍ ഉപവിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മുസ്‌ലിം മതവിഭാഗത്തില്‍ ഉപവിഭാഗങ്ങളില്ലെന്ന് കോടതി വിലയിരുത്തി.
ആനുകൂല്യങ്ങള്‍ക്കായി ഉപവിഭാഗങ്ങളായി മതത്തെ വേര്‍തിരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍, വി. ഷര്‍സി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."