ഹാഷിംപുര കൂട്ടക്കൊലയുടെ കഥപറഞ്ഞ ആ ചിത്രങ്ങള്‍.....
ചിത്രകാരന്റെ ഓര്‍മക്കുറിപ്പ്
'മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആ കുഞ്ഞു മുഖം മനസ്സിലുണ്ട്. ഒട്ടും നിറം മങ്ങാതെ. കണ്‍പീലിയില്‍ ഒരു നനവായി. മനസ്സില്‍ ഒരു വിങ്ങലായി'. ഹാഷിംപുരയിലെ കൂട്ട അറസ്റ്റും തുടര്‍സംഭവങ്ങളും ഓര്‍ത്തെടുക്കുകയായിരുന്നു ഫോട്ടോ ജേര്‍ണലിസ്റ്റ് പ്രവീണ്‍ ജെയിന്‍.സാഹസികമായി അന്ന് അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങള്‍ പലതും പിന്നീട് കേസില്‍ തെളിവായിരുന്നു.
അന്ന് സണ്‍ഡേ മെയിലില്‍ ജോലി ചെയ്യുകയായിരുന്നു പ്രവീണ്‍. മീററ്റിലെ സാമുദായിക കലാപം പകര്‍ത്താനായിരുന്നു പത്രത്തില്‍ നിന്നും പ്രവീണ്‍ പുറപ്പെട്ടത്. എന്നാല്‍ മീററ്റിലെത്തിയ അദ്ദേഹത്തെ ഒരു പൊലിസുകാരന്‍ ഹാഷിംപുരയിലേക്കയക്കുകയായിരുന്നു. ഹാഷിംപുരയിലെ മൊഹല്ലയില്‍ സൈന്യം തെരച്ചില്‍ നടത്തുന്നുണ്ടെന്നും താങ്കള്‍ക്ക് വേണ്ടത് അവിടെ നിന്നാണ് കിട്ടുകയെന്നും പൊലിസ് അദ്ദേഹത്തോട് പറഞ്ഞു. ഒട്ടും വൈകാതെ ഹാഷിംപുരയിലെത്തി.
'ഭീതി ജനകമായ അന്തരീക്ഷത്തിലേക്കാണ് താന്‍ ചെന്നു കയറിയത്. തെരുവുകള്‍ തോറും മാര്‍ച്ച് നടത്തുന്ന സൈന്യം. കാണുന്ന വീടുകളിലൊക്കെ സൈന്യം അതിക്രമിച്ചു കയറുന്നു. അവിടെ നിന്ന് ചെറുപ്പക്കാരായ ആണുങ്ങളെ പുറത്തേക്ക് വലിച്ചിഴക്കുന്നു. എന്റെ കാമറക്കണ്ണുകള്‍ ഇതെല്ലാം ഒന്നൊഴിയാതെ പകര്‍ത്താന്‍ തുടങ്ങി. അതിനിടക്കാണ് ഞാന്‍ ആ കൊച്ചു പയ്യനേയും കണ്ടത്. പേടിച്ചു വിറക്കുന്നുണ്ടായിരുന്നു അവന്‍. രക്ഷ തേടിയുള്ള ഓട്ടത്തിനിടെ അവന്‍ ഒരിടത്തു നിസ്‌ക്കരിക്കുന്നതും പ്രാര്‍ഥിക്കുന്നതും കണ്ടു. എന്തു തെറ്റായിരിക്കും ആ ബാലന്‍ ചെയ്തിട്ടുണ്ടാവുക. എന്തൊരു നിസ്സഹായതയായിരിക്കും ഈ ഭീകര നിമിഷങ്ങളില്‍ ആ കുഞ്ഞ് അനുഭവിക്കുന്നുണ്ടാവുക'- പ്രവീണ്‍ ഓര്‍ക്കുന്നു.
സ്ത്രീകളെല്ലാം പേടിച്ച് നില്‍ക്കുന്നത് ശരിക്കും എന്നെ അസ്വസ്ഥപ്പെടുത്തി, വീടിന് മുകളില്‍ കയറി നിന്ന സ്ത്രീകള്‍ സൈന്യത്തിനെതിരെ അലറി വിളിച്ചു, തങ്ങളുടെ ആണ്‍ മക്കളെ വിട്ട് കിട്ടാന്‍ പലരും യാചിച്ചു, പക്ഷെ തെരുവിലേക്ക് ഇറങ്ങാന്‍ അവര്‍ ഭയപെടുന്നുണ്ടായിരുന്നു. പിടികൂടുന്നവരെ സൈന്യം തോക്കിന്റെ പാത്തി കൊണ്ടും മറ്റും ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ടായിരുന്നു, വലിച്ചിഴച്ചാണ് ഒന്നിനു പുറകെ ഒന്നായി ഓരോരുത്തരേയും പുറത്തേക്ക് കൊണ്ടു വന്നത്. ഫോട്ടോ എടുക്കുന്നതിന് തന്നെ സൈനികന്‍ വിലക്കിയതായും അദ്ദേഹം ഓര്‍ക്കുന്നു. പാത്തു പതുങ്ങിയുമാണ് ഓരോ ചിത്രവുമെടുത്തത്. അതിനിടക്ക് ഒരു മുസ്‌ലിം കുടുംബം വീടിനുള്ളില്‍ മറഞ്ഞു നിന്ന് ഫോട്ടോ എടുക്കാന്‍ അവസരമൊരുക്കി. നാടിനെ നടുക്കിയ ഭീകരതയെ പുറത്തെത്തിച്ച ചിത്രങ്ങള്‍ക്ക് സഹായം ചെയ്തു തന്ന ആ കുടുംബത്തെ ഓര്‍ക്കാനാവാത്തത് ഒരു നഷ്ടമായി അദ്ദേഹം പറയുന്നു.
തോക്കിന്‍ മുനയില്‍ നിര്‍ത്തപ്പെട്ട കുറച്ചു യുവാക്കളെ കണ്ടു. അവരോടൊപ്പമുള്ള ചിലരെ നിലത്തു കൂടെ വലിച്ചിഴക്കുന്നുണ്ടായിരുന്ന. ചിലരെ തോക്കിന്‍ പാത്തി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന് പതിനഞ്ചോളം ഫോട്ടോകളെടുത്തു. പിന്നീട് ഇവരെ മൊഹല്ലയുടെ പുറത്തേക്ക് കൊണ്ടു വന്നു. അപ്പോഴേക്കും ട്രക്ക് വന്നു. കൂട്ടത്തില്‍ നിന്ന് യുവാക്കളെ മാത്രം വേര്‍തിരിച്ചു. അവരോട് ട്രക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു.
സംഘര്‍ സാധ്യത കണക്കിലെടുത്തുള്ള അറസ്റ്റായിരിക്കും ഇത് എന്നാണ്‍ ഞാന്‍ കരുതിയത്. കര്‍ഫ്യൂ നിലനില്‍ക്കുന്ന പ്രദേശത്തെ സമാധാനം മുന്‍നിര്‍ത്തി ഇവരെ മാറ്റിയതായിരിക്കാം. നിയമത്തെയും രാജ്യസുരക്ഷയേയും കൂട്ടു പിടിച്ച് മരണത്തിലേക്ക് കയറ്റിക്കൊണ്ടുപോയ ആ യുവാക്കളെ കുറിച്ചുള്ള ഓര്‍മകള്‍ പ്രവീണ്‍ ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്.
'മൂന്നു മണിക്കൂര്‍ നേരത്തെ അസൈന്‍മെന്റായിരുന്നു അത്. പിന്നീട് ഞാന്‍ ഡല്‍ഹിയിലേക്ക് മടങ്ങി. അന്ന് മീററ്റില്‍ മുസ് ലിം ചെറുപ്പക്കാരെ എങ്ങനെയാണ് കൊല ചെയ്തതെന്ന് എനിക്ക് ഏറെ വൈകിയാണ് മനസ്സിലായത്'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."