ആറു നഴ്സിങ് കോളജുകളുടെ അഫിലിയേഷന് റദ്ദാക്കി
തിരുവനന്തപുരം: ആറു നഴ്സിങ് കോളജുകളുടെ അഫിലിയേഷന് കേരള ആരോഗ്യ സര്‍വകലാശാല റദ്ദാക്കി. മാനദണ്ഡം ലംഘിച്ചതിനാണ് സര്‍വകലാശാല ഗവേണിങ് ബോഡി നഴ്സിങ് കോളജുകളുടെ അഫിലിയേഷന് റദ്ദാക്കിയത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നൈറ്റിംഗേല്‍ കോളജ് ഓഫ് നഴ്സിങ്, വെള്ളറട രുഗ്മിണി കോളജ് ഓഫ് നഴ്സിങ്, കോട്ടയം ജില്ലയിലെ നഴ്സിങ് ഓഫ് ഗുരു എഡ്യൂക്കേഷന്‍ ട്രസ്റ്റ്, തിയോപ്പിലസ് കോളജ് ഓഫ് നഴ്സിങ്, എറണാകുളം ജില്ലയിലെ ഇന്ദിരാഗാന്ധി നഴ്സിങ് കോളജ്, കൊല്ലം ജില്ലയിലെ കൊട്ടാരക്കര മേഴ്സി കോളജ് ഓഫ് നഴ്സിങ് എന്നീ കോളജുകളുടെ അഫിലിയേഷനാണ് റദ്ദാക്കിയത്.
ഈ വര്‍ഷം ഇവിടെ പുതിയ ബാച്ചിന് പ്രവേശനം നല്കാന് കഴിയില്ല. ഏതാണ്ട് 300 ബി.എസ്.സി നഴ്സിങ് സീറ്റാണ് ഇതോടെ കുറവു വരുന്നത്. കൂടാതെ മറ്റു ഏഴു നഴ്സിങ് കോളജുകളിലെ പത്തു ശതമാനം സീറ്റ് വെട്ടിക്കുറയ്ക്കാനും കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന സര്‍വകലാശാല ഗവേണിങ് ബോഡി തീരുമാനമെടുത്തു. സര്‍വകലാശാല പരിശോധനാ സംഘം സംസ്ഥാനത്തെ നഴ്സിങ് കോളജുകളില്‍ നടത്തിയ പരിശോധനയില്‍ പല കോളജുകളിലും അടിസ്ഥാന സൗകര്യം പോലുമില്ലാതെയാണ് പ്രവേശനം നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു.
അഫിലിയേഷന് റദ്ദാക്കിയ കോളജുകളില്‍ 20 ശതമാനത്തിനു താഴെ മാത്രമേ കിടക്ക സൗകര്യമുള്ളൂ. പല സ്ഥലങ്ങളിലും പഠന സൗകര്യമൊരുക്കാന്‍ മാനേജ്മെന്റുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും സര്‍വകലാശാല കണ്ടെത്തിയിട്ടുണ്ട്. പരിശോധനാ സംഘത്തിന് തെറ്റായ വിവരം നല്‍കിയതിന് കോഴിക്കോട് കെ.എം.സി.ടിയില്‍ നിന്ന് 5.5 ലക്ഷം രൂപ ഫൈന്‍ ഈടാക്കാനും ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."