ശ്രീവത്സം ഗ്രൂപ്പിന് യു.ഡി.എഫ് ബന്ധമെന്ന ആരോപണം അന്വേഷിക്കണം: ചെന്നിത്തല
തിരുവനന്തപുരം: ആദായ നികുതി വകുപ്പ് കള്ളപ്പണം കണ്ടെത്തിയ ശ്രീവത്സം ഗ്രൂപ്പുമായി യു.ഡി.എഫിനും ഒരു മുന്‍ മന്ത്രിക്കും ബന്ധമുണ്ടെന്ന ആരോപണത്തെ കുറിച്ച് സി.ബി.ഐയെ കൊണ്ടോ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിയെ കൊണ്ടോ സമഗ്രമായി അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി.
സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് കഴിഞ്ഞ ദിവസം യു.ഡി.എഫിനെതിരേ പുകമറ സൃഷ്ടിക്കുന്ന തരത്തില്‍ അവ്യക്തമായ ആരോപണമാണ് ഉന്നയിച്ചതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ നേതാക്കള്‍ക്ക് ശ്രീവത്സം ഗ്രൂപ്പുമായുള്ള ബന്ധത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് യു.ഡി.എഫിനെതിരേ ആരോപണം ഉന്നയിച്ചതെങ്കിലും അത് മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥിതിക്ക് ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രമക്കേടുകള്‍ അന്വേഷിക്കണം: കാനം
ആലപ്പുഴ: ശ്രീവല്‍സം ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ വിശദമായി അന്വേഷിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വിഷയം ഗൗരവമുളളതാണ്. ക്രമക്കേടില്‍ സി.പി.ഐക്ക് പങ്കുണ്ടെങ്കില്‍ കണ്ടെത്തണം. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."