പി.എസ്.സി പരീക്ഷാ തട്ടിപ്പ്: കേസ് ഗൗരവതരം, സി.ബി.ഐ അന്വേഷണം വേണ്ടെ? സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി: ആവശ്യമില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു വിശദീകരണം തേടിയത്. കേസ് ഗൗരവതരമാണെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടയോ എന്നായിരുന്നു കോടതി ചോദിച്ചത്. എന്നാല്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ക്രൈം ബ്രാഞ്ച് അന്വേഷണം കേസില്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ മറ്റൊരന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേ സമയം പരീക്ഷാക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനും ഡിജിപിയ്ക്കും സി.ബി.ഐയ്ക്കും ഹൈക്കോടതി നോട്ടീസയച്ചു. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാരും പി.എസ്.സിയും പറയുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതി നോട്ടീസയച്ചത്. പി.എസ്.സി പരീക്ഷാക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കേസില്‍ അറസ്റ്റിലായ പൊലിസുകാരന്‍ എസ്.എഫ്.ഐയിലെ മുന്‍ നേതാക്കള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് കുറ്റം സമ്മതിച്ചിരുന്നു. യൂനിവേഴ്സിറ്റി കോളേജില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ ചോദ്യപ്പേപ്പര്‍ പരിശോധിച്ച് എസ്.എം.എസുകളായി ഉത്തരം അയച്ചുവെന്നാണ് അഞ്ചാം പ്രതിയായ ഗോകുല്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചത്.
ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്നും പി.എസ്.സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ അയച്ചുകൊടുത്തു എന്നുമായിരുന്നു മൊഴി. എന്നാല്‍ ചോദ്യപേപ്പര്‍ ആരാണ് ചോര്‍ത്തി നല്‍കിയതെന്ന് അറിയില്ലെന്നായിരുന്നു ഇയാളുടെ മൊഴി. കേസിലെ മറ്റൊരു പ്രതിയായ സഫീറിനാണ് ചോദ്യപേപ്പര്‍ കിട്ടിയതെന്നാണ് ഗോകുല്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."