ധനമേഖല ശക്തം; ഡോളറുമായുള്ള വിനിമയ നിരക്ക് തുടരുമെന്നും സഊദി കേന്ദ്ര ബാങ്ക്
റിയാദ്: സഊദി ധന മേഖല ശക്തമാണെന്നും ഡോളറുമായുള്ള വിനിമയ നിരക്കില്‍ തന്നെ തുടരുമെന്നും സഊദി കേന്ദ്ര ബാങ്കായ സഊദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) ഗവര്‍ണര്‍ ഡോ.അഹ്മദ് അല്‍ഖുലൈഫി വ്യക്തമാക്കി. അമേരിക്കന്‍ ഡോളറുമായുള്ള സഊദി റിയാലിനെ സ്ഥിരവിനിമയ നിരക്കില്‍ ബന്ധിപ്പിച്ച നയത്തില്‍ മാറ്റം വരുത്തില്ലെന്നും ഈ നയം സഊദി സമ്പദ്‌വ്യവസ്ഥക്ക് നന്നായി ഗുണം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമയുടെ പക്കലുള്ള കരുതല്‍ വിദേശ ധന ആസ്തി ഓഗസ്റ്റില്‍ 50,700 കോടി റിയാലായി ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം സൗദി അറേബ്യ 1.9 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി പ്രതീക്ഷിക്കുന്നത്.
പുതിയ നടപടികളുടെ ഭാഗമായി ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനങ്ങളായ മദയും സദ്ദാദും സ്വകാര്യവല്‍ക്കരിക്കുന്നതിന് ആലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ഘട്ടത്തില്‍ രണ്ടു സാംവ്ബിധാനങ്ങളും സാംക്കു കീഴിലായിരിക്കുമെന്നും വര്‍ഷങ്ങള്‍ക്കു ശേഷം ഇവയുടെ ഓഹരികള്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍ക്കുകയോ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കുകയോ ചെയ്യുന്ന കാര്യം പരിശോധിക്കാനാണ് തീരുമാനം.
പലിശ നിരക്ക് കുറക്കല്‍ 25 അടിസ്ഥാന പോയിന്റില്‍ നിന്ന് 50 അടിസ്ഥാന പോയിന്റിലേക്ക് ഉയര്‍ന്നേക്കുമെന്ന് സൂചനകളുണ്ട്. ആഗോള തലത്തിലെ പലിശ നിരക്ക് സസൂക്ഷമം നിരീക്ഷിച്ചു വരികയാണ്.പണ ലഭ്യത കുറഞ്ഞാല്‍ വിപണിയില്‍ ഇടപെടുന്നതില്‍ സാമക്ക് പരിചയ സമ്പത്തുണ്ട്. പ്രാദേശിക വിപണിയില്‍ പണലഭ്യത കുറവുണ്ടാകുമെന്ന് കരുതുന്നില്ല.ബാങ്കുകളിലെ നിക്ഷേപങ്ങള്‍ 3.7 ശതമാനം തോതില്‍ വര്‍ധിച്ചു. സ്വകാര്യ മേഖലക്കുള്ള വായ്പകള്‍ 3.4 ശതമാനം തോതില്‍ വര്‍ധിച്ചെന്നും ഡോ.അഹ്മദ് അല്‍ഖുലൈഫി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."