രാജപക്സെക്കെതിരേ യു.എന്‍.പി അവിശ്വാസ പ്രമേയം സമര്‍പ്പിച്ചു
കൊളംബോ: പ്രധാനമന്ത്രി മഹിന്ദ രാജപക്സെക്കെതിരേ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു.എന്‍.പി) അവിശ്വാസ പ്രമേയം സ്പീക്കര്‍ കരു ജയസൂര്യക്ക് കൈമാറി. ഭരണഘടന അനുച്ഛേദപ്രകാരം പ്രധാനമന്ത്രി മരിക്കുക, രാജിവയ്ക്കുക, അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെടുക തുടങ്ങിയവയുണ്ടായാല്‍ മാത്രമേ പ്രധാനമന്ത്രിയെ മാറ്റാന്‍ സാധിക്കുകയുള്ളൂവെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് അവിശ്വാസ പ്രമേയ നോട്ടിസില്‍ പറയുന്നതായി യു.എന്‍.പി പാര്‍ലമെന്റ് നേതാവായ ലക്ഷ്മണ് കെരല്ല പറഞ്ഞു.
അതിനിടെ പാര്‍ലമെന്റ് യോഗം നവംബര്‍ ഏഴിന് വിളിച്ചുചേര്‍ക്കാന്‍ പ്രസിഡന്റ് മൈത്രിപാലെ സിരിസേന അനുമതി നല്‍കിയെന്ന് സ്പീക്കര്‍ കരു ജയസൂര്യ പറഞ്ഞു. നവംബര്‍ 16 വരെ പാര്‍ലമെന്റ് മരവിപ്പിക്കുന്നതായി സിരിസേന നേരത്തെ അറിയിച്ചിരുന്നു. പാര്‍ലമെന്റ് ചൊവ്വാഴ്ച യോഗം ചേരുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മഹിന്ദ രാജപക്സെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി നവംബര്‍ 16ന് മുന്‍പ് യോഗം വിളിക്കില്ലെന്ന് സിരിസേന അറിയിച്ചിരുന്നു. ഇക്കാര്യം ശരിവച്ച് രാജപക്സെയുടെ ഓഫിസ് പിന്നീട് പ്രസ്താവനയിറക്കിയിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റെനില്‍ വിക്രമസിംഗെയ പുറത്താക്കി പകരമായി മഹിന്ദ രാജപക്സെയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിരിസേന നിയോഗിച്ചത്. എന്നാല്‍ താനാണ് പ്രധാനമന്ത്രിയെന്നും ഒഴിയാന്‍ തയാറല്ലെന്നുമാണ് വിക്രമസിംഗെയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."