മാന്ദ്യമില്ലെങ്കിലെന്തിന് കോര്‍പറേറ്റ് നികുതിയിളവുകള്‍
രാജ്യത്തെ മാന്ദ്യം മറികടക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് വന്‍തോതിലുള്ള നികുതിയിളവുകളാണ് ഇന്നലെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സാമ്പത്തികനില തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരവസരത്തില്‍ കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരികൊടുക്കുന്നതുകൊണ്ട് ഫലമുണ്ടാവില്ലെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ നിര്‍മലാ സീതാരാമന്‍ ഇത് സമ്മതിക്കുന്നില്ല. രാജ്യത്ത് മാന്ദ്യമില്ലെന്നാണ് അവരുടെ പക്ഷം. മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളാണ് ഒക്കെയും. ചില പ്രശ്‌നങ്ങളുണ്ട്. അത് മില്യനേഴ്‌സുമായി ബന്ധപ്പെട്ടതാണ്. അവരുണ്ടാക്കിയ പ്രശ്‌നങ്ങളുമാണ്. രാജ്യമിപ്പോഴും സാമ്പത്തിക ഭദ്രതയിലാണ്. തുടങ്ങിയ വാചക കസര്‍ത്തുകളാണ് അവര്‍ നടത്തിയത്.
അങ്ങനെയെങ്കില്‍ പിന്നെ എന്തിനാണ് കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കിയത് കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടയില്‍ രാജ്യംകണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോഴുള്ളതെന്ന് പറഞ്ഞത് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാറാണ്. അത് ധനമന്ത്രി കേട്ടില്ലേ. നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 22 ശതമാനമായും പുതിയ കമ്പനികളുടേത് 15 ശതമാനമായുമാണ് കുറച്ചത്. മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പിന്നണി ശക്തിയായിരുന്ന ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ രണ്ടാം മോദി സര്‍ക്കാരിന്റെ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് സര്‍ക്കാരില്‍നിന്നും അകന്നുകൊണ്ടിരിക്കുകയായിരുന്നു. അവരെ തിരികെ കൊണ്ടുവരാനാണ് വന്‍തോതിലുള്ള നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 1.45 ലക്ഷം കോടികളുടെ ഇളവുകളാണ് കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതുവഴി കേന്ദ്രസര്‍ക്കാരിന് 1.50 ലക്ഷം കോടിയുടെ വരുമാന നഷ്ടമുണ്ടാകും.
റിസര്‍വ് ബാങ്കിന്റെ കരുതല്‍പണം എടുത്താണ് കോര്‍പറേറ്റുകളെ ഇവ്വിധം സുഖിപ്പിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തിലുള്ള പണം സര്‍ക്കാര്‍ കഴിഞ്ഞ മാസം പിന്‍വലിച്ചതിനെതിരേ വ്യാപകമായ പ്രതിഷേധങ്ങള്‍ സാമ്പത്തിക വിദഗ്ധരില്‍നിന്നുപോലും ഉയര്‍ന്നുവന്നതാണ്. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് വിത്തെടുത്ത് കുത്തുക എന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുംവിധം കരുതല്‍പണം എടുത്തത് കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന ഇളവുകളുടെ നഷ്ടം നികത്താനായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യമാകുന്നു. കോര്‍പറേറ്റുകളുടെ നികുതി കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചരിത്രപരമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്.
ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണിതെന്നും ഇതുവഴി രാജ്യത്ത് കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രത്യാശ പക്ഷെ സഫലമാവണമെന്നില്ല. അത്രമേല്‍ ആഭ്യന്തര ഉപഭോഗം രാജ്യത്ത് ഇല്ലാതായിരിക്കുന്നു. നികുതി ഇളവുകളിലൂടെ സ്വകാര്യ മേഖലയില്‍ വന്‍ നിക്ഷേപം കൂട്ടാന്‍ കഴിയുമെന്ന സര്‍ക്കാര്‍ പ്രതീക്ഷ അസ്ഥാനത്താണ്. ഇപ്പോള്‍തന്നെ ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ നികുതിയിളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അതിനാല്‍തന്നെയായിരിക്കണം ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനത്തെ കോര്‍പറേറ്റ് സമൂഹം കൈയടികളോടെ സ്വീകരിച്ചിട്ടുണ്ടാവുക. ആര്‍.ബി.ഐയുടെ കരുതല്‍ ശേഖരം എതിര്‍പ്പുകളെ മറികടന്ന് റിസര്‍വ് ബാങ്കില്‍നിന്നും എടുത്തത് കോര്‍പറേറ്റുകള്‍ക്ക് നല്‍കാനായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്ന് സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇതിനകം ആരോപിച്ചുകഴിഞ്ഞു. സാധാരണക്കാരുടെയും കര്‍ഷകരുടെയും നികുതിപ്പണമെടുത്താണ് സര്‍ക്കാര്‍ കോര്‍പറേറ്റുകളെ സഹായിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചക്കിടയില്‍ ധനമന്ത്രി നിരവധി സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി രാജ്യത്താകെ വായ്പാമേള നടത്താനാണ് തീരുമാനിച്ചത്.
പൊതുമേഖലാ ബാങ്കുകള്‍ക്ക് ഇതിനായി നിര്‍ദേശം നല്‍കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ കോര്‍പറേറ്റ് നികുതിയിളവുകള്‍. എന്നാല്‍ ഇതുകൊണ്ടൊന്നും രാജ്യത്തെ സാമ്പത്തിക മാന്ദ്യം അവസാനിക്കുകയില്ല.
രാജ്യത്തിന്റെ എല്ലാ മേഖലകളിലും തൊഴിലവസരങ്ങളും വികസനവും എത്തുമെന്ന് പറയുന്നത് ഇപ്പോഴത്തെ ഇന്ത്യന്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. രാജ്യത്തെ വന്‍തോതിലുള്ള തൊഴിലില്ലായ്മ ഗ്രസിച്ചിരിക്കുന്നു. അതുതന്നെയാണ് മാന്ദ്യത്തിന്റെ അടിസ്ഥാനം. കൊടുക്കല്‍ വാങ്ങലുകള്‍ നിലച്ചിരിക്കുന്നു. ആളുകളുടെ കൈയില്‍ കാശില്ല. ഇത് മറികടക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് വന്‍തോതില്‍ ഇളവ് പ്രഖ്യാപിച്ചത്‌കൊണ്ട് എന്ത് ഫലം.
ആഭ്യന്തര വളര്‍ച്ചാനിരക്ക് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും കുറവ് വളര്‍ച്ചയുമായി രാജ്യം മാന്ദ്യത്തില്‍ നില്‍ക്കുമ്പോഴാണ് കോര്‍പറേറ്റുകള്‍ക്ക് വന്‍തോതിലുള്ള ഇളവുകള്‍. 130 കോടി ജനങ്ങള്‍ക്ക് ഇതുകൊണ്ട് യാതൊരു ഫലവും കിട്ടാന്‍പോകുന്നില്ല. കോര്‍പറേറ്റുകള്‍ പിന്നെയും തടിക്കുകയായിരിക്കും ഫലം.
മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോര്‍പറേറ്റുകളുടെ സഹായം ബി.ജെ.പിക്ക് അനിവാര്യമാണ്. കോര്‍പറേറ്റുകളുടെ അകമഴിഞ്ഞ സഹായംകൊണ്ടായിരുന്നു രണ്ടാംതവണയും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ രണ്ടാംതവണ രാജ്യത്തെ മാന്ദ്യം കോര്‍പറേറ്റുകളെ മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു.
അവര്‍ ബി.ജെ.പിയില്‍നിന്നും അകന്നുകൊണ്ടിരിക്കുകയായിരുന്നു. അവരെ തിരികെകൊണ്ടുവരാനാണ് കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ ധനമന്ത്രി പലതവണ സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇതുകൊണ്ടും കോര്‍പറേറ്റുകളുടെ പിണക്കം മാറിയിരുന്നില്ല. അത് തീര്‍ക്കാനാണിപ്പോള്‍ വന്‍തോതിലുള്ള നികുതിയിളവ് അനുവദിച്ചിരിക്കുന്നത്.
ഫലത്തില്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ പണമെടുത്ത് കോര്‍പറേറ്റുകളെ സഹായിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."