ആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനം; എടവക പഞ്ചായത്ത് ജില്ലയില്‍ ഒന്നാമന്‍
മാനന്തവാടി: സംസ്ഥാന സര്‍ക്കാരിന്റെ ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള ആരോഗ്യ കേരള പുരസ്‌കാരവും അഞ്ച് ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും എടവക പഞ്ചായത്തിന്. ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ഏറെ മുന്‍തൂക്കം നല്‍കുകയും സമയബന്ധിതമായി ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തതിനാണ് പുരസ്‌കാരം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നു എടവക പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. പഞ്ചായത്തിലെ കുടുംബശ്രീ ആശ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുകയും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്തുകയും ചെയ്തതിനാലാണ് അവാര്‍ഡ് നേടാന്‍ കഴിഞ്ഞതെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തിന്റെ കീഴിലെ പ്രധാന ടൗണുകളില്‍ വ്യാപാരികളുടെ സഹകരണത്തോടെ ശുചിത്വ ഹര്‍ത്താല്‍ നടത്തുകയും മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്തുകൊണ്ടാണ് ആരോഗ്യമേഖലയിലെ പ്രശ്‌ന പരിഹാരത്തിന് തുടക്കം കുറിച്ചത്. എടവക പബ്ലിക് ഹെല്‍ത്ത് സെന്ററിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും പാലിയേറ്റീവ് യൂനിറ്റും കൃത്യമായി പ്രവര്‍ത്തിക്കുകയും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ക്യത്യമായി പ്രവര്‍ത്തിക്കുകയും എല്ലാ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേഷന്‍ ചെയ്യുകയും ചെയ്തു.
എല്ലാ ഭക്ഷണ വിതരണശാലകളും പരിശോധന നടത്തുകയും നിയമം പാലിക്കാത്തവര്‍ക്കെതിരെ കോടതി നടപടികള്‍ സ്വീകരിച്ചുമാണ് ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടത്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഉഷാ വിജയന്‍, അംഗങ്ങളായ ആശ മേജോ, ജില്‍സന്‍ തൂപ്പുംകര, ആമിന അവറാന്‍, സെക്രട്ടറി എം.ആര്‍ പ്രഭാകരന്‍, എച്ച്.ഐ.എന്‍. കെ രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."