ആറളം ഫാമില്‍ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരു വയസോളം പ്രായമുള്ള ആണ്‍ ആനക്കുട്ടിയെ ആണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഫാമിലെ പുനരധിവാസ മേഖലയിയില്‍ ആദിവാസി വയോധികയെ കാട്ടാന കുടില്‍ തകര്‍ത്ത് ചവിട്ടിക്കൊന്നിരുന്നു. ഇതിനെത്തുടര്‍ന്ന് വനപാലകര്‍ ഇന്നലെ രാവിലെ മുതല്‍ ഫാമില്‍ ജനവാസ മേഖലകളില്‍ കാട്ടാനകളെ കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു. ഇതിനിടയില്‍ ഫാമിന്റെ അധീനതയിലുള്ള പുനരധിവാസ മേഖലകളിലെ ആറ്, ഏഴ് ബ്ലോക്കുകളുടെ അതിര്‍ത്തിയില്‍ കാടുമൂടിക്കിടക്കുന്ന കശുമാവിന്‍ തോട്ടത്തില്‍ കാട്ടാനകള്‍ കൂട്ടംകൂടി നില്‍ക്കുന്നതായി കണ്ടെത്തി. ഇരിട്ടി സ്വദേശി അഖില്‍ പുതുശ്ശേരിയുടെ നേതൃത്വത്തില്‍ ഹെലിക്യാമുപയോഗിച്ച് നടത്തിയ നിരീക്ഷണത്തില്‍ ആന ചരിഞ്ഞതാണെന്ന് മനസിലായതോടെ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.വി ജയപ്രകാശിന്റെ നേതൃത്വത്തില്‍ കാട്ടാനകൂട്ടങ്ങളെ തുരത്തി ചരിഞ്ഞ ആനയെ പരിശോധിച്ചു. ഒരു വയസോളം പ്രായമുള്ള ആനക്കുട്ടിയാണ് ചരിഞ്ഞത്. ശരീരത്തില്‍ എവിടെയും സംശയകരമായ നിലയിലുള്ള മുറിവുകളോ ചതവുകളോ കണ്ടെത്താനായിട്ടില്ലെന്ന് റെയ്ഞ്ച് ഓഫിസര്‍ വിനു പറഞ്ഞു. തുടര്‍ന്ന് ജഡം വളയഞ്ചാല്‍ വന്യജീവി സങ്കേതം ഓഫിസിലെത്തിച്ചു.
വനംവകുപ്പ് അസി. സര്‍ജന്‍ ഡോ. എ. അരുണ്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ജഡം വനമേഖലയില്‍ മറവ് ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയപ്രകാശ്, റെയ്ഞ്ച് ഓഫിസര്‍ വിനു എന്നിവരെ കൂടാതെ ഡെപ്യൂട്ടി റെയ്ഞ്ചര്‍ ആനന്ദന്‍, എസ്.എഫ്.ഒമാരായ ജിജില്‍, ഷാജി, വൈല്‍ഡ് ലൈഫ് ഫോറസ്റ്റര്‍ ശശി, ആര്‍.ആര്‍.ടി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ആനകളെ നിരീക്ഷിക്കുന്നതിനും സുരക്ഷാ ഒരുക്കുന്നതിനായി സ്ഥലത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."