കൊല്ലം-തേനി ദേശീയപാത കുരുതിക്കളമാകുന്നു
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത കുരുതിക്കളമാകുന്നു കഴിഞ്ഞദിവസം രാത്രി ചാരുംമൂട് ജങ്ഷന് 100 മീറ്റര്‍ വടക്ക് വച്ച് ഓട്ടോറിക്ഷ ബൈക്കിലിടിച്ച് യുവാവ് മരിച്ചിരുന്നു.
ശാസ്താംകോട്ട മുതുപിലാക്കാട് കിഴക്ക് കോച്ചു തുണ്ടില്‍ സജീവ് പാപ്പച്ചന്‍ മകന്‍ അജീഷ് (19)യാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് സിനു ഭവനം വിഷ്ണു(20) വിനെ ഗുരുതര പരുക്കേറ്റ നിലയില്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ അപകടമുണ്ടായ ഭാഗത്ത് മാസങ്ങളായി റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടത് സുപ്രഭാതം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഓട്ടോറിക്ഷ ഈ കുഴികളില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.
ഇവര്‍ പരുമല പള്ളിയില്‍ പോയി തിരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊല്ലം-തേനി ദേശീയപാതയിലെ മിക്കയിടങ്ങളിലും ടാര്‍ ഇളകി വന്‍ കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായിട്ടും അധികൃതര്‍ ഇനിയും ഒരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ചാരുംമൂട് ജങ്ഷനില്‍ തന്നെ മാസങ്ങളായി വന്‍ കുഴികള്‍ രൂപപ്പെട്ട് അപകടം ക്ഷണിച്ചു വരുത്തുന്ന നിലയിലുമാണ്. കോടികള്‍ മുടക്കി ടാര്‍ ചെയ്ത ഈ ദേശീയപാതയുടെ നിര്‍മാണത്തില്‍ തന്നെ അഴിമതി ഉയര്‍ന്നു വരുകയും ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഉണ്ടാവുകയും ചെയ്തതുമാണ്.
കഴിഞ്ഞ ഒരു മാസം മുന്‍പ് ദേശീയ പാത കൊല്ലം ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ എത്തി ഈ ഭാഗങ്ങള്‍ നോക്കി കാണുകയും ഉടന്‍ തന്നെ അറ്റകുറ്റപണികള്‍ നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നതാണ്.
എന്നാല്‍ ഇതുവരെയും ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടില്ല.
നൂറ് കണക്കിന് വാഹനങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികളും സഞ്ചരിക്കുന്ന ഈ പാതയുടെ ആലപ്പുഴ ജില്ലയുടെ ഭാഗമായ താമരക്കുളം മുതല്‍ കൊല്ലകടവ് വരെയുള്ള ഭാഗങ്ങളിലാണ് കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. കുഴികളില്‍ വീഴാതിരിക്കാന്‍ ചെറിയ വാഹനങ്ങളുള്‍പ്പെടെ വെട്ടിച്ചു മാറ്റുന്നത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുവാന്‍ ഇടയാക്കുമെന്ന് ചൂണ്ടി കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."