മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ ത്വരിതാന്വേഷണം റദ്ദാക്കി
കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ വിജിലന്‍സ് ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി. കേസില്‍ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെതിരേ മോഹന്‍ലാല്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. കൊച്ചിയിലെ മോഹന്‍ലാലിന്റെ വസതിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.
പിന്നീട് കേസ് വനം വകുപ്പിന് കൈമാറിയെങ്കിലും കേസിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചെന്നും ഇതു വിജിലന്‍സ് അന്വേഷിക്കണമെന്നും വ്യക്തമാക്കി എറണാകുളം ഏലൂര്‍ സ്വദേശി പൗലോസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കി.
തുടര്‍ന്ന് 2016 ഒക്ടോബര്‍ 15 ന് നടന്‍ മോഹന്‍ലാല്‍, മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരേ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഇതിനെ ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈക്കോടതിയിലെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സ് അനുസരിച്ചാണ് ആനക്കൊമ്പ് കൈവശം വച്ചിരിക്കുന്നതെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലാത്തതിനാല്‍ വിജിലന്‍സ് കോടതിയുത്തരവ് റദ്ദാക്കണമെന്നുമായിരുന്നു മോഹന്‍ലാലിന്റെ വാദം. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."