ബോട്ടില്‍ ഇനി ബൂത്തില്‍ കളയാം
#വി.കെ പ്രദീപ്
കണ്ണൂര്‍: ഉപയോഗശേഷം വലിച്ചെറിയുന്ന വെള്ളക്കുപ്പികള്‍ നിക്ഷേപിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും 'ബോട്ടില്‍ ബൂത്ത് ' സ്ഥാപിക്കുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംസ്ഥാന ശുചിത്വ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. പ്രത്യേക വലുപ്പത്തില്‍ ഒരേ കളര്‍ കോഡിലാണ് ബോട്ടില്‍ ബൂത്തുകള്‍ സ്കൂള്‍ മുറ്റത്ത് സ്ഥാപിക്കുക. പ്ലാസ്റ്റിക് ഉപേക്ഷിക്കേണ്ടതാണെന്ന ബോധ്യം കുട്ടികളില്‍ ഉണ്ടാക്കുന്നതിനായാണ് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നത്.
കുട്ടികള്‍ സ്കൂളില്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗശേഷം വലിച്ചെറിയുന്നതിന് പകരം ബോട്ടില്‍ ബൂത്തുകളില്‍ നിക്ഷേപിക്കണം. ഇവ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശേഖരിച്ച് സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കും.
വിദ്യാര്‍ഥികള്‍ ഉപയോഗത്തിനായി എത്തിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ മാത്രമേ ശേഖരിക്കാന്‍ പാടുള്ളൂവെന്നും വീടുകളില്‍ നിന്നു കുട്ടികള്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ചു കൊണ്ടുവന്ന് ഒരു കാരണവശാലും ബോട്ടില്‍ ബൂത്തുകളില്‍ നിക്ഷേപിക്കരുതെന്നും ശുചിത്വമിഷന് തദ്ദേശ സ്ഥാപനങ്ങള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കും.
ഒരേ കളറില്‍, പ്രത്യേക ആകൃതിയിലുള്ള ബോട്ടില്‍ ബൂത്തുകള്‍ നിര്‍മിക്കുന്നതിനു സ്പോണ്‍സര്‍മാരെ കണ്ടെത്താവുന്നതാണ്.
സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും ബോട്ടില്‍ ബൂത്ത് സ്ഥാപിച്ച് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്നതിനൊപ്പം തന്നെ പ്ലാസ്റ്റിക് ഉപേക്ഷിക്കേണ്ടതാണെന്ന മനോഭാവം കുട്ടികളില്‍ വളര്ത്താനാവുമെന്നുമാണ് ശുചിത്വമിഷന് കരുതുന്നത്.
ക്രമേണ സ്കൂള്‍ മുറ്റത്തു നിന്നും ബോട്ടില്‍ ബൂത്തുകള്‍ ഒഴിവാക്കാനാവുമെന്നുമാണ് പ്രതീക്ഷ. പദ്ധതി ഉടന്‍ നടപ്പാക്കുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുചിത്വ മിഷന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."