കൊറിയ ഓപ്പണിലും സിന്ധുവിന് കാലിടറി
ഇഞ്ചിയോണ്‍: ലോക ചാംപ്യനായതിന് ശേഷം നടന്ന രണ്ട് പ്രധാന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ട് ഇന്ത്യയുടെ സൂപ്പര്‍ ഷട്ട്‌ലര്‍ പി.വി സിന്ധു. നേരത്തേ ചൈന ഓപണില്‍ തുടക്കത്തില്‍ തന്നെ മടക്കടിക്കറ്റ് ലഭിച്ച സൈന ഇന്നലെ നടന്ന കൊറിയ ഓപ്പണ്‍ ബാഡ്മിന്റണിലെ ആദ്യ റൗണ്ടിലും പരാജയപ്പെടുകയായിരുന്നു. അതേസമയം, ലോക വെങ്കല മെഡല്‍ ജേതാവ് സായ് പ്രണീതും പിന്നാലെ സൈനയും പരുക്കേറ്റ് പുറത്തായപ്പോള്‍ പി.കശ്യപ് രണ്ടാം റൗണ്ടില്‍ കടന്നു. അതേസമയം പുരുഷ താരം സായ് പ്രണീത് പരുക്കുമൂലം പിന്‍മാറി. പുരുഷ ഡബിള്‍സില്‍ മത്സരിച്ച തായ്‌ലന്റ് ഓപ്പണ്‍ കിരീടജേതാക്കളായ സാത്വിക് സായ് രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി.
വനിതാ സിംഗിള്‍സില്‍ അമേരിക്കന്‍ താരം ബേവന്‍ യങ്ങിനെതിരെയാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ 21-7, 22-24, 15-21. കിരീടം ചൂടിയ ലോക ചാംപ്യന്‍ഷിപ്പില്‍ യങ്ങിനെ സിന്ധു തോല്‍പ്പിച്ചിരുന്നെങ്കിലും ഇത്തവണ ആവര്‍ത്തിക്കാനായില്ല.
തുടക്കത്തില്‍ 21-7ന് ജയിച്ചതോടെ കളി അനായാസം സിന്ധു സ്വന്തമാക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ അനാവശ്യ പിഴവാണ് പിന്നീടുള്ള സെറ്റുകളില്‍ താരത്തിന് വിനയായത്. രണ്ടാം സെറ്റില്‍ മാച്ച് പോയന്റ് ലഭിച്ചശേഷമായിരുന്നു സിന്ധു മത്സരം കൈവിട്ടത്. രണ്ടാം സെറ്റില്‍ തോല്‍വി മുഖാമുഖം കണ്ട അമേരിക്കന്‍ താരം ശക്തമായി തിരിച്ചുവരികയും നിര്‍ണായകമായ മൂന്നാം സെറ്റും സ്വന്തമാക്കി രണ്ടാം റൗണ്ടില്‍ കടക്കുകയും ചെയ്തു. ചൈന ഓപ്പണിലും സിന്ധു അനാവശ്യ പിഴവുകളിലൂടെയാണ് തോല്‍വി ചോദിച്ചുവാങ്ങിയത്. പരിശീലക രാജിവെച്ച സമ്മര്‍ദവും സിന്ധുവിനെ അലട്ടിയതായാണ് സൂചന.
ശ്രീകാന്തിന്റെയും പ്രണോയിയുടേയും അഭാവത്തില്‍ പുരുഷ വിഭാഗത്തില്‍ പ്രതീക്ഷയായിരുന്ന സായ് പ്രണീത് ലോക നാലാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ ആന്‍ഡേഴ്‌സ് അന്റന്‍സനെതിരായ മത്സരത്തിനിടെയാണ് പരിക്കുമൂലം പിന്മാറിയത്. ആദ്യ സെറ്റ് 9-21ന് തോറ്റ ഇന്ത്യന്‍ താരം രണ്ടാം സെറ്റില്‍ 7-11ന് പിറകില്‍ നില്‍ക്കവേയാണ് പരുക്ക് വില്ലനായെത്തിയത്. ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണ് സായ് പ്രണീത്.
അതേസമയം, നിലവില്‍ ലോക എട്ടാം നമ്പര്‍ താരമായ സൈന കൊറിയയുടെ ഗാ യുന്‍ കിമ്മുമായുള്ള മത്സരത്തിനിടെയാണ് പരുക്കേറ്റ് പുറത്തായത്. 21-19, 18-21ന് ഇരുവരും ഓരോ സെറ്റിന് മുന്നില്‍ നില്‍ക്കേ മൂന്നാം സെറ്റില്‍ 1-8 പോയിന്റിന് പിന്നിലായപ്പോഴാണ് താരം പരുക്ക് മൂലം പിന്‍മാറിയത്.
തന്നെക്കാള്‍ പിന്നിലുള്ള ചൈനീസ് തായ്‌പെയുടെ ലൂ ചിയാ ഹുങ്ങിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് കശ്യപ് കീഴടക്കിയത്. സ്‌കോര്‍ 21-16,21-16.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."