അവകാശങ്ങള്‍ക്കു മേലുള്ള വികസനം വിനാശം: സന്ദീപ് പാണ്ഡെ
നെടുമങ്ങാട്: ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള വികസനം വിനാശമെന്നു മാക്‌സസെ അവാര്‍ഡ് ജേതാവ് സന്തീപ് പാണ്ഡെ. പെരിങ്ങമ്മല മാലിന്യ പ്ലാന്റ് സമര പന്തല്‍ സന്ദര്‍ശിക്കനെത്തിയതായിരുന്നു പാണ്ഡെ. ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍.എ.പി.എം) നേതാക്കള്‍ക്കൊപ്പമാണ് പാണ്ഡെ സമര പന്തലില്‍ എത്തിയത്. ഭരണഘടന അനുവദിച്ചു നല്‍കിയ ജനങ്ങളുടെ അവകാശമാണ് ജീവിക്കാനും പരിസ്ഥിതിയെ സംരക്ഷിക്കുകയുമെന്നുള്ളത്. ആ അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് വികസനമല്ല വിനാശമാണ് ജനങ്ങള്‍ക്ക് സമ്മാനിക്കുന്നതെന്നും പാണ്ഡെ പറഞ്ഞു.
പതിനഞ്ച് വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ ആരംഭിച്ച മാലിന്യ സംസ്‌ക്കരണ പ്ലാന്റു പോലും പരാജയമായിരുന്നുവെന്നും പകരം വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ പ്ലാന്റുകളെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടതെന്നും ഊര്‍ജ്ജ ശാസ്ത്ര ഗവേഷകന്‍ സൗമ്യദത്ത് പറഞ്ഞു. സമര സമിതി ചെയര്‍മാന്‍ നിസാര്‍ മുഹമ്മദ് സുല്‍ഫി അധ്യക്ഷനായി.
പ്രഫുല്ല സാമന്ത, മീര സംഘ മിത്ര, സുനിതി, സുഹാസ് കൊലേക്കര്‍, കമലാ യാദവ്, വാര്‍ഡ് മെംബര്‍മാരായ സലീം പള്ളിവിള, ഇടവം ഷാനവാസ്, സജീന യഹിയ, മൈലക്കുന്ന് രവി, സൂനൈസ അന്‍സാരി, അരുണ്‍കുമാര്‍, എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ഹാറൂണ്‍ റഷീദ് പ്രസംഗിച്ചു. മാലിന്യ പ്ലാന്റിനെതിരേയുള്ള സമരം 127 ദിവസം പിന്നിടുമ്പോള്‍ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം നേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലില്‍ എത്തിയത്.
സമരം ദേശീയതലത്തില്‍ ശ്രദ്ധയാകുമെന്നുള്ള പ്രതീക്ഷയിലാണ് സമര സമിതി. ഭരണഘടന പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ജനാധിപത്യം സമത്വം, സ്വാതന്ത്ര്യം തുല്യനീതി എന്നിവ സംരക്ഷിക്കുക, ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ഗാന്ധിജയന്തി ദിനത്തില്‍ ദണ്ഡിയില്‍ നിന്നാരംഭിച്ച യാത്രയാണ് മാലിന്യ പ്ലാന്റിനെതിരേ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പന്നിയോട്ട് കടവിലെ പന്തലില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."