വിവാദത്തിലായ മന്ത്രി കെ.ടി ജലീലിന്റെ ബന്ധു വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിന്റെ മകന്
മലപ്പുറം: ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജര്‍ നിയമനവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ട മന്ത്രി കെ.ടി ജലീലിന്റെ ബന്ധു വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിന്റെ മകന്.
മന്ത്രി ജലീലിന്റെ പിതൃസഹോദരന്റെ മകന്റെ മകന് കെ.ടി അദീബ് വെല്‍ഫെയര്‍ പാര്‍ട്ടി മുക്കിലപീടിക യൂനിറ്റ് പ്രസിഡന്റ് പ്രൊഫ. കെ.ടി ഹംസയുടെ മകനാണ്. എന്നാല്‍ അദീബിന് പ്രത്യേക പാര്‍ട്ടി ബന്ധമൊന്നുമില്ല. സൗത്ത് ഇന്ത്യന്‍ ബാങ്ക് മുംബൈ മാനേജറായിരുന്ന ഇദ്ദേഹം അടുത്ത കാലത്താണ് കോഴിക്കോട്ടേക്ക് സ്ഥലം മാറിയെത്തിയത്. ജമാഅത്തെ ഇസ്ലാമിക്കാരനും വളാഞ്ചേരി ഏരിയാ പ്രസിഡന്റുമായിരുന്ന പ്രൊഫ. ഹംസ ചേന്ദമംഗല്ലൂര്‍ ഫാറൂഖ് കോളജ് അറബിക് വിഭാഗത്തില്‍നിന്നാണ് വിരമിച്ചത്.
അതേസമയം ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകന് ബാങ്ക് മാനേജറായി സേവനമനുഷ്ടിച്ചിരുന്ന കാര്യം പുറത്തുവന്നത് വളാഞ്ചേരിയിലെ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാടും ചര്‍ച്ചയായി.
മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടെ ഏറെ ചര്‍ച്ചാ വിഷയമായ ഗെയില്‍ വാതക പൈപ്പ് ലൈന്‍, ദേശീയപാത എന്നിവയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രി ജലീലും വെല്‍ഫെയര്‍ പാര്‍ട്ടിയും പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ജമാഅത്തെ ഇസ്ലാമിക്കെതിരേ മന്ത്രി കടുത്ത പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനു മറുപടിയെന്നോണം പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍ ജലീലിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."