നിയമ പാലകരുടെ നിസ്സംഗത; ഗ്രാമങ്ങളില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു
സാറ മുഹമ്മദ്
നെടുമങ്ങാട്: മലയോര താലൂക്കിലെ ഗ്രാമങ്ങളില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. നെടുമങ്ങാട് നഗരസഭാ, വെമ്പായം, കരകുളം മേഖലകളിലും മലയോര ഉള്‍പ്രദേശങ്ങളിലുമാണ് ഉപയോഗം വര്‍ധിച്ചത്. യുവാക്കളും വിദ്യാര്‍ഥികളുമാണ് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം. പലയിടത്തും മയക്കു മരുന്ന് ഉപയോഗിച്ച് വീടുകളില്‍ അക്രമം നടത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വട്ടപ്പാറ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വെമ്പായം പഞ്ചായത്തിലെ പേരുംകൂറില്‍ കഴിഞ്ഞ ദിവസം രാത്രി ലഹരിയില്‍ എത്തിയ യുവാവ് വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത് പോലെ നിരവധി സംഭവങ്ങളാണ് ദിവസേന പുറത്തു വരുന്നത്. വെമ്പായം, കന്യാകുളങ്ങര, പോത്തന്‍കോട് മേഖലയില്‍ തമ്പടിച്ചിരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ലഹരി ഉപയോഗം വ്യാപകമാണ്. താലൂക്കിലെ സ്‌കൂളുകള്‍, കോളജുകള്‍, സമാന്തര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു ഒരു സംഘം തന്നെ മയക്കുമരുന്ന് വിപണന രംഗത്തുണ്ടെന്നാണ് അറിയുന്നത്. നേരത്തെ കഞ്ചാവ് പൊതികളായിരുന്നു ഇത്തരത്തില്‍ വ്യാപകമായി വിപണിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് മറ്റു മയക്കു മരുന്നുകളുലേക്ക് മാറുകയായിരുന്നു. കഞ്ചാവിനേക്കാള്‍ വിലക്കുറവും ലഹരി കൂടുതല്‍ ഉള്ളതുമാണ് ഉപയോക്താള്‍ ഇതിനു പിന്നാലെ പോകുന്നത്. സ്‌കൂള്‍ കുട്ടികള്‍, ചെറുപ്പക്കാര്‍ എന്നിവരെ ഉപയോഗിച്ചാണ് ഇത് ആവശ്യക്കാരില്‍ എത്തിക്കുന്നത്. ചിലയിടങ്ങളില്‍ പെണ്‍കുട്ടികളും ലഹരിതേടി എത്തുന്നുണ്ട്. ഇവരെയും വിതരണ രംഗത്തുണ്ടെന്നാണ് അറിയുന്നത്.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു ലഹരി മാഫിയ വാഴുമ്പോളും ഇവരെ കൗണ്‍സിലിങിന് വിധേയമാക്കി സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ സ്‌കൂള്‍ അധികൃതരും ശ്രമിക്കുന്നില്ല എന്നുള്ളതാണ് മറ്റൊരു വസ്തുത. കുറച്ചു ദിവസം മുന്‍പ് കന്യാകുളങ്ങരയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് മയക്കുമരുന്നുമായി ഒരാളെ നാട്ടുകാര്‍ പിടികൂടിയിരുന്നു. ഇയാളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നടത്തിയ അന്വേഷണത്തില്‍ മലയോര മേഖലകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘം പിടിയിലായിരുന്നു.
ലഹരി ഉപയോഗം കാരണം മാനസിക നില തെറ്റിയ ചില യുവാക്കളെ വീട്ടുകാര്‍ ലഹരിമുക്ത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ലഹരി മാഫിയ പിടിമുറുക്കുമ്പോഴും നിയമ പാലകര്‍ തികഞ്ഞ നിസ്സംഗത യാണ് പുലര്‍ത്തുന്നത്. പലയിടങ്ങളില്‍ നിന്നും വ്യക്തമായ വിവരം കിട്ടിയാലും പൊലിസ് ഇത്തരക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ തയാറാകാത്തത് ഇവരെ സഹായിക്കുന്നതിന് തുല്യമാണ്. പൊലിസ് ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരും തലമുറ ലഹരിക്കടിമപ്പെട്ടുകൊണ്ടിരിക്കും. ഇപ്പോള്‍ പലയിടത്തും നാട്ടുകാരുടെ കൂട്ടായ്മയില്‍ ലഹരിക്കെതിരെ കാംപയിനും ക്ലാസുകളും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."