ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിന് ഇന്ന് തുടക്കം
മോസ്‌ക്കോ: ഒരു വര്‍ഷം അകലെ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ നാന്ദി കുറിച്ച് ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ആറ് കോണ്‍ഫെഡറേഷനുകളില്‍ നിന്നായി എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന പോരാട്ടത്തിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ ഓഷ്യനിയയില്‍ നിന്ന് വരുന്ന ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും. ലോക ചാംപ്യന്‍മാരായ ജര്‍മനി, യൂറോ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍, കോപ്പ അമേരിക്ക ജേതാക്കളായ ചിലി, ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീട ജേതാക്കളായ കാമറൂണ്‍, കോണ്‍കാക്കാഫ് കപ്പ് ചാംപ്യന്‍മാരായ മെക്‌സിക്കോ, ഏഷ്യന്‍ കപ്പ് ജേതാക്കളായ ആസ്‌ത്രേലിയ എന്നിവയാണ് മറ്റ് ടീമുകള്‍. ഇന്ന് മുതല്‍ ജൂലൈ രണ്ട് വരെയാണ് മത്സരങ്ങള്‍. എട്ട് ടീമുകളെ നാല് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളാക്കിയാണ് മത്സരം. രണ്ട് ഗ്രൂപ്പില്‍ നിന്ന് രണ്ട് വീതം ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും.
എട്ട് ടീമുകളില്‍ പോര്‍ച്ചുഗലും ചിലിയും പ്രധാന താരങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള ടീമിനെ ഇറക്കുമ്പോള്‍ ലോക ചാംപ്യന്‍മാരായ ജര്‍മനി യുവ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് എത്തുന്നത്. പോര്‍ച്ചുഗല്‍ നിരയില്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പെപ്പെ, ബെര്‍ണാര്‍ഡോ സില്‍വ, റാഫേല്‍ ഗുരെയ്‌രോ എന്നിവരെല്ലാം അണിനിരക്കും. അതേസമയം ജാവോ മരിയോ പരുക്കിനെ തുടര്‍ന്ന് ടീമിലില്ല. യുവ താരം റെനാറ്റോ സാഞ്ചസ് അണ്ടര്‍ 21 യൂറോ കപ്പ് കളിക്കുന്നതിനാല്‍ സീനിയര്‍ ടീമിലിടം കണ്ടില്ല. മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ ക്ലൗഡിയോ ബ്രാവോ നയിക്കുന്ന ചിലിയന്‍ നിരയില്‍ അലക്‌സിസ് സാഞ്ചസ്, ആര്‍തുറോ വിദാല്‍ എന്നിവരും ഇറങ്ങുന്നുണ്ട്. ജര്‍മന്‍ നിരയില്‍ പ്രധാന താരങ്ങള്‍ക്കെല്ലാം കോച്ച് ജോക്വിം ലോ വിശ്രമം അനുവദിക്കുകയായിരുന്നു. 23കാരനായ ജൂലിയന്‍ ഡ്രാക്‌സലറാണ് ടീമിന്റെ നായകന്‍. ജോഷ്വ കിമ്മിച്, ലെറോയ് സനെ, ഷോദ്രന്‍ മുസ്തഫി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ബാഴ്‌സലോണ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റിഗനാണ് ടീമിന്റെ വല കാക്കുന്നത്. എട്ട് ടീമില്‍ മുന്‍ ചാംപ്യന്‍മാരായ ഏക ടീം മെക്‌സിക്കോയാണ്. റാഫേല്‍ മാര്‍ക്വസ്, ജാവിയര്‍ ഹെര്‍ണാണ്ടസ് എന്നിവരാണ് അവരുടെ പ്രധാന താരങ്ങള്‍. ആസ്‌ത്രേലിയയുടെ വെറ്ററന്‍ താരം ടിം കാഹില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ ഇറങ്ങുമ്പോള്‍ രാജ്യത്തിനായി കരിയറിലെ 100ാം മത്സരം കളിക്കും.
ലോകകപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കേ നടക്കുന്ന കോണ്‍ഫെഡറേഷന്‍സ് കപ്പ് റഷ്യയെ സംബന്ധിച്ച് സംഘാടന മികവ് പരീക്ഷിക്കാനുള്ള അവസരം കൂടിയാണ്. സ്റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും സംബന്ധിച്ച കോട്ടങ്ങളും മറ്റും വിലയിരുത്താനുള്ള അവസരമാണ് റഷ്യക്ക് നടത്തിപ്പിലൂടെ ലഭിക്കുന്നത്.
റഷ്യ- ന്യൂസിലന്‍ഡ്
ആതിഥേയരായ റഷ്യ ആദ്യ മത്സരത്തില്‍ ഇന്ന് ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടാനിറങ്ങും. ലോക ഫുട്‌ബോളിലെ പരിചയ സമ്പന്നത കണക്കാക്കിയാല്‍ റഷ്യക്കാണ് മുന്‍തൂക്കം.
സോവിയറ്റ് യൂനിയന്‍ ആയിരുന്ന കാലത്ത് ലോക കിരീടവും യൂറോ കിരീടവും നേടാന്‍ കഴിഞ്ഞ ഭൂതകാലം അവകാശപ്പെടാനുണ്ടെങ്കിലും സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്ക് ശേഷം രൂപപ്പെട്ട റഷ്യ എന്ന രാജ്യത്തിന് ഫുട്‌ബോളില്‍ കിരീട നേട്ടങ്ങള്‍ അവകാശപ്പെടാനില്ല. 1994, 2002, 2014 ലോകകപ്പുകളുടെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ അവരുടെ മികച്ച നേട്ടം 2008ലെ യൂറോ കപ്പിന്റെ സെമിയിലെത്തിയതായിരുന്നു.
ആതിഥേയ രാജ്യമെന്ന നിലയിലാണ് റഷ്യ കോണ്‍ഫെഡറേഷന്‍സ് കപ്പിലിറങ്ങുന്നത്. സ്റ്റാനിസ്ലാവ് ചെര്‍ചെസോവാണ് പരിശീലകന്‍. ഒരു വര്‍ഷം മുന്‍പാണ് അദ്ദേഹം സ്ഥാനമേറ്റത്. ഗോള്‍ കീപ്പറും നായകനുമായ ഇഗര്‍ അകിന്‍ഫീവ്, മധ്യനിര താരം ഡെനിസ് ഗ്ലുഷകോവ്, മുന്നേറ്റ താരം ഫ്യോദോര്‍ സ്‌മോലോവ് എന്നിവരാണ് പ്രധാന താരങ്ങള്‍.
ന്യൂസിലന്‍ഡ് ഇത് നാലാം തവണയാണ് കോണ്‍ഫെഡറേഷന്‍ കപ്പില്‍ മാറ്റുരയ്ക്കാനിറങ്ങുന്നത്. ലോക ഫുട്‌ബോളില്‍ കാര്യമായ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാതെയാണ് ന്യൂസിലന്‍ഡിന്റെ വരവ്. അഞ്ചാം തവണയും ഒഷ്യാനിയ നേഷന്‍സ് കപ്പ് കിരീടം നേടിയാണ് ന്യൂസിലന്‍ഡ് യോഗ്യത സമ്പാദിച്ചത്.
2014 മുതല്‍ ടീമിനെ പരിശീലിപ്പിക്കുന്ന അന്റണി ഹഡ്‌സനാണ് അവരുടെ ഹെഡ്ഡ് കോച്ച്. സ്റ്റെഫാന്‍ മരിനോവിച്, കോസ്റ്റ ബാര്‍ബറോസ്, ക്രിസ് വുഡ് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."