മരുന്നിന്റെ സൈഡ് ഇഫക്ട് അറിയിക്കൂ, ഇമോജിയിലൂടെ
ഇമോജികള്‍ ഉണ്ടാക്കിയ ഓളമൊന്നും ഇവിടെ മറ്റൊരു സ്റ്റിക്കറിനും സ്റ്റാറ്റസിനും ഉണ്ടാക്കാനായിട്ടില്ല. നമ്മുടെ സന്തോഷം, സന്താപം, കോപം, ക്രോധം തുടങ്ങി നവരസങ്ങള്‍ക്കപ്പുറത്തേക്ക് ഇമോജികള്‍ മുഖഭാവങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഈ വട്ടമുഖന്‍ ഒരു സംഭവമായതോടെ സര്‍വ്വ മേഖലയിലും ഇടം പിടിച്ചു. ഇപ്പോഴിതാ ആരോഗ്യമേഖലയിലും അതിന്റേതായ ഇടം കണ്ടെത്തിയിരിക്കുന്നു. മാച്ച് മൈ ആര്‍എക്‌സ് എന്ന സൗജന്യ വൈദ്യാനുബന്ധ സഹായി വെബ്‌സൈറ്റാണ് പുതിയ പരീക്ഷണം നടത്തുന്നത്. മരുന്നുകളുടെ സൈഡ് ഇഫക്ടുകള്‍ ഇമോജികള്‍ ഉപയോഗിച്ച് പറയാന്‍ രോഗികള്‍ക്ക് അവസരമൊരുക്കുകയാണ് ഇവര്‍. നിലവില്‍ 16 സൈഡ് ഇഫക്ടുകള്‍ ഇമോജികള്‍ ഉപയോഗിച്ച് പ്രകടിപ്പിക്കാം. വല്ലാതെ എഴുതിപ്പിടിപ്പിക്കേണ്ടി വരില്ലെന്നു സാരം. ഇമോജികള്‍ കാണുമ്പോള്‍ തന്നെ നമ്മള്‍ക്കേറ്റ സൈഡ് ഇഫക്ടിനെപ്പറ്റി നല്ല ധാരണയുണ്ടാക്കാനാവും.
ഛര്‍ദ്ദി, മയക്കം, ഉറക്കമില്ലായ്മ, അജീര്‍ണ്ണബാധ, തടിപ്പ്, തലവേദന, അതിസാരം, വയറിളക്കം, മലബന്ധം, പനി, വിശപ്പില്ലായ്മ, നെഞ്ചിടിപ്പ്, ബലഹീനത, വിയര്‍പ്പ്, ഉമിനീര്‍ വറ്റുക, അമിത ഉമിനീര്‍ തുടങ്ങിയ 16 സൈഡ് ഇഫക്ടുകളാണ് ഇമോജികളിലൂടെ അറിയിക്കാനാവുക. മരുന്നുകളെപ്പറ്റിയുള്ള ഫീഡ്ബാക്ക് നല്‍കുന്നത് കൂടുതല്‍ സൗകര്യപ്രദമാവാനും നല്ല പ്രതികരണമുണ്ടാവാനും ഇമോജികള്‍ സഹായിക്കുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."