രാക്കുരുക്ക് സമരം: നാലു നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി ആശുപത്രിയിലും നിരാഹാരം തുടരുമെന്ന് യുവജന വിഭാഗം നേതാക്കള്‍
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ലെ യാത്രാ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലില്‍നിന്ന് നാലു നേതാക്കളെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
യുവമോര്‍ച്ച സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് സിനിഷ് വകേരി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ആര്‍.രാജേഷ് കുമാര്‍, യൂത്ത് ലീഗ് നേതാവ് സി.കെ മുസ്തഫ, ഡി.വൈ.എഫ്.ഐ നേതാവ് ലിജോ ജോണി എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവര്‍ക്ക് പകരക്കാരായി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം ജനറല്‍ സക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ കൗണ്‍സിലറുമായ റിനു ജോണ്‍, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വേങ്ങൂര്‍, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് ഫെബിന്‍ എന്നിവര്‍ ഇന്നലെ മുതല്‍ നിരാഹാരം സമരം തുടങ്ങി.
ആശുപത്രിയിലും നിരാഹാരം തുടരുമെന്ന് യുവജന വിഭാഗം നേതാക്കള്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സിനിഷ് വാകേരിയെയും ആര്‍.രാജേഷ് കുമാറിനെയും പൊലിസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരെ അറസ്റ്റ് ചെയ്തു നീക്കാന്‍ പൊലിസ് എത്തിയപ്പോള്‍ സമരക്കാര്‍ പ്രതിഷേധിച്ചു. പിന്നിട് ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. വൈകിട്ട് അഞ്ചോടെയാണ് ഉപവാസ സമരം നടത്തുന്ന സി.കെ മുസ്തഫയെ ആശുപത്രിയിലേക്ക് മാറ്റിയത്. വൈകിട്ട് 6.30ഓടെയാണ് ലിജോ ജോണിയെ പൊലിസ് ആശുപത്രിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയ സഫീര്‍ പഴേരി സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇയാളുടെ ആരോഗ്യസ്ഥിതി മോശമായതായി മെഡിക്കല്‍ സംഘം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."