നോട്ട് നിരോധനം: മോദി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത 'തുഗ്ലക് ' മോഡല്‍ പരിഷ്‌കാരമാണ് മോദി നടത്തിയതെന്നും നോട്ടുനിരോധനം പരാജയമായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി രാജ്യത്തോടു മാപ്പുപറയണമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
നോട്ടുനിരോധനത്തിന്റെ രണ്ടാം വാര്‍ഷികമായ നാളെ രാജ്യത്തുടനീളം കോണ്‍ഗ്രസ് പ്രതിഷേധറാലികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിവിധയിടങ്ങളില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പ്രതിഷേധ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
2016 നവംബര്‍ എട്ടിനു രാത്രി 8.15നാണ് രാജ്യത്ത് 500, 1,000 രൂപാ കറന്‍സികള്‍ നിരോധിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. കള്ളപ്പണം പിടിക്കാനാണിതെന്നും പദ്ധതി തെറ്റായിരുന്നെന്നു ബോധ്യപ്പെട്ടാല്‍ തന്നെ ശിക്ഷിക്കാമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതോടെ മോദിയുടെ നടപടി വന്‍ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."