ബഷീറിന്റെ മരണം: കാര്‍ കമ്പനിയുടെ റിപ്പോര്‍ട്ട് വൈകുന്നു
ഇടപെടാതെ അന്വേഷണസംഘം
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ കാര്‍ കമ്പനിയുടെ പരിശോധനാ റിപ്പോര്‍ട്ട് വൈകുന്നു. റിപ്പോര്‍ട്ട് സെപ്റ്റംബര്‍ ആദ്യവാരം ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.
റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലുകളുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് വൈകുന്നത്, എന്ന് ലഭിക്കും തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണ സംഘത്തിന് യാതൊരു ധാരണയുമില്ലാത്ത സ്ഥിതിയാണ്.
ഫോക്സ് വാഗണിന്റെ പൂനെയില്‍ നിന്നുള്ള വിദഗ്ധസംഘം ഓഗസ്റ്റ് 19നാണ് കാറില്‍ പരിശോധന നടത്തിയത്. കാറിന്റെ ക്രാഷ് ഡേറ്റാ റെക്കോര്‍ഡ് പരിശോധിച്ച് അപകടസമയത്തെ കാറിന്റെ വേഗതയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായിരുന്നു പരിശോധന. പൂനെയില്‍ നിന്നുള്ള പ്രാഥമിക റിപ്പോര്‍ട്ട് ജര്‍മനിയിലെ കമ്പനിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ അയച്ച് അവിടെ നിന്നുള്ള വിശകലനത്തിനുശേഷം അന്തിമ റിപ്പോര്‍ട്ട് കൈമാറുമെന്നായിരുന്നു അറിയിച്ചിരുന്നത്. അപകടസമയത്തെ വാഹനത്തിന്റെ വേഗത, ഇടിയുടെ ആഘാതം, ബ്രേക്ക് പ്രയോഗിച്ചതിന്റെ രീതി, ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഈ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. കേസില്‍ തുടക്കംമുതല്‍ ഗുരുതര അലംഭാവവും ഒത്തുകളിയുമാണ് പൊലിസ് നടത്തിയത്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."